ശബരിമല സ്ത്രീപ്രവേശന കേസ് നാളെ സുപ്രീംകോടതിയില്‍

സുപ്രധാനമായ ശബരിമല സ്ത്രീപ്രവേശന കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. കേസ് ഭരണഘടന ബെഞ്ചിന് വിടുന്നത് സംബന്ധിച്ചുള്ള വിധിയാകും നാളെ ഉണ്ടാവുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Updated: Oct 12, 2017, 07:53 PM IST
ശബരിമല സ്ത്രീപ്രവേശന കേസ് നാളെ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സുപ്രധാനമായ ശബരിമല സ്ത്രീപ്രവേശന കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. കേസ് ഭരണഘടന ബെഞ്ചിന് വിടുന്നത് സംബന്ധിച്ചുള്ള വിധിയാകും നാളെ ഉണ്ടാവുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ എഴുതി നല്‍കാന്‍ കക്ഷികളോടും അമിക്കസ് ക്യൂറിയോടും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടിരുന്നു. കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നതിനെ ദേവസ്വം ബോര്‍ഡ് അനുകൂലിച്ചിരുന്നു. ഭരണഘടന നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തെ ആചാരങ്ങള്‍ക്ക് മറികടക്കാനാകുമോയെന്ന് പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ പ്രായഭേദ്യമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ, കേസില്‍ അന്തിമ വാദം കേള്‍ക്കുന്ന ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. 

രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ശബരിമലയില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് ദേവസ്വംബോര്‍ഡ് സ്വീകരിച്ചത്. തുല്യത ഉറപ്പാക്കാനെന്നപേരില്‍ എല്ലാ മതങ്ങള്‍ക്കും പൊതു അളവുകോല്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് വാദിച്ചു. 

അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, നിലവിലെ ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടായിരുന്നു  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റേത്. സര്‍ക്കാരിന് ഇത്തരത്തില്‍ സത്യാവാങ്മൂലം മാറ്റാന്‍ സാധിക്കുമോ എന്നതും ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. 

1965-ലെ കേരള പൊതു ഹിന്ദു ആരാധനാലയ (പ്രവേശനാധികാര) ചട്ടത്തിലെ മൂന്ന് (ബി) വകുപ്പുപ്രകാരമാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഈ ചട്ടത്തെ ചോദ്യംചെയ്താണ് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.