അശ്ലീല വീഡിയോ അയച്ചുതന്നെന്ന് കന്യാസ്ത്രീ: ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്വന്തം അശ്ലീല വീഡിയോ അയച്ചുതന്നുവെന്ന് കന്യാസ്ത്രീയുടെ രഹസ്യമൊഴി. 

Updated: Jul 10, 2018, 03:14 PM IST
അശ്ലീല വീഡിയോ അയച്ചുതന്നെന്ന് കന്യാസ്ത്രീ: ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്വന്തം അശ്ലീല വീഡിയോ അയച്ചുതന്നുവെന്ന് കന്യാസ്ത്രീയുടെ രഹസ്യമൊഴി. 

പീഡനത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കന്യാസ്ത്രീയുടെ രഹസ്യ മൊഴിയിലൂടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫോണില്‍ അശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചുവെന്നാണ് കന്യാസ്ത്രീ പറയുന്നത്. 

ചങ്ങനാശേരി മജിസ്‌ട്രേട്ടിന് നല്‍കിയ 208 പേജുള്ള രഹസ്യ മൊഴിയിലാണ് കന്യാസ്ത്രീ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ളോഹ ഇസ്തിരിയിട്ടു നല്‍കാനെന്ന പേരില്‍ മുറിയിലേയ്ക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും കൂടാതെ, പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും മൊഴിയില്‍ പറയുന്നു. 

പീഡനം തുടര്‍ന്നതോടെ സഭയിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും എല്ലാവരും തന്നെ പുച്ഛിക്കുകയും പരിഹസിക്കുകയുമായിരുന്നു. മറ്റേതെങ്കിലും ഇടവകയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചതോടെയാണ് ബിഷപ്പ് തനിക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചതെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അച്ചടക്ക ലംഘനത്തിന്‍റെ പേര് പല തവണ ദ്രോഹിച്ചതോടെ കുറവിലങ്ങാട്ടെ ആശ്രമത്തിലേയ്ക്കു മാറ്റം ചോദിച്ചു വാങ്ങി. എന്നാല്‍, ഇവിടെയെത്തിയും ബിഷപ്പ് പീഡിപ്പിച്ചതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നും രഹസ്യ മൊഴിയില്‍ പറയുന്നു.  

പൊലീസിന് നല്‍കിയ മൊഴിതന്നെ കന്യാസ്ത്രി രഹസ്യമൊഴിയിലും അവര്‍ത്തിച്ചതോടെ ബിഷപ്പിനെതിരായ തെളിവുകള്‍ കൂടുതല്‍ ശക്തമായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെയും അനുമതി ലഭിച്ചാല്‍ ഈ ആഴ്ച തന്നെ പൊലീസ് സംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്യും. ഇതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് അയക്കും. ഇതിന് ശേഷമാവും അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് കടക്കുക. ഇത്തരം ഒരു സാഹചര്യമുണ്ടായാല്‍ ഒരു ബിഷപ്പിനെ ലൈംഗിക പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ സംഭവമാകുമിത്.

തെളിവുകളെല്ലാം ബിഷപ്പിന് എതിരായ സാഹചര്യത്തില്‍ അറസ്റ്റല്ലാതെ മറ്റൊരു മാര്‍ഗവും ഇനിയില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.