ഷുഹൈബ് വധം: നിയമപോരാട്ടം തുടരുമെന്ന് ചെന്നിത്തല

മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Updated: Mar 14, 2018, 03:44 PM IST
ഷുഹൈബ് വധം: നിയമപോരാട്ടം തുടരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഷുഹൈബ് വധം സിബിഐ അന്വേഷിക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായ സർക്കാരിന്‍റെ അപ്പീൽ പരിഗണിച്ചാണ് അന്വേഷണം താൽക്കാലികമായി സ്റ്റേ ചെയ്തത്.

ഷുഹൈബിന്‍റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമർശങ്ങൾ നടത്തിയാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

അതേസമയം, ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി അഭിപ്രായപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഡിസിസിയുടെ പ്രതികരണം.