സോളാര്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ.മുരളീധരന്‍

സോളാര്‍ റിപ്പോര്‍ട്ട് മോശമായി കൈകാര്യം ചെയ്തതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. മുഖ്യമന്ത്രി നിയമസഭയെ നോക്കുകുത്തിയാക്കി. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍റെ റിപ്പോര്‍ട്ട് പത്രമാധ്യമങ്ങളിലൂടെയാണോ നിയമസഭ സാമാജികര്‍ അറിയേണ്ടതെന്നും കെ.മുരളീധരന്‍ ചോദിച്ചു.  

Last Updated : Oct 19, 2017, 01:40 PM IST
സോളാര്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് മോശമായി കൈകാര്യം ചെയ്തതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. മുഖ്യമന്ത്രി നിയമസഭയെ നോക്കുകുത്തിയാക്കി. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍റെ റിപ്പോര്‍ട്ട് പത്രമാധ്യമങ്ങളിലൂടെയാണോ നിയമസഭ സാമാജികര്‍ അറിയേണ്ടതെന്നും കെ.മുരളീധരന്‍ ചോദിച്ചു.  

സോളാര്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ നടക്കുന്നത് വിഡ്ഢിത്തങ്ങളുടെ പരമ്പരയാണ്. പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന കുല്‍സിത പ്രവൃത്തിയാണ് ഇത്. റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുമെന്ന് പത്രമാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് അക്കാര്യം നടപ്പാക്കുന്നതില്‍ നിയമതടസം ഉണ്ടെന്ന് ഇപ്പോഴാണോ മനസിലായതെന്നും കെ.മുരളീധരന്‍ സംശയം ഉന്നയിച്ചു. 

കമ്മീഷന്‍റെ ചെലവിനായി ഖജനാവില്‍ നിന്ന് ഏഴ് കോടിയിലധികം രൂപ ചെലവിട്ടുണ്ട്. എന്നാല്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഖജനാവിന് നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇത്രയും ചെലവ് ചെയ്ത് കമ്മീഷന്‍ അന്വേഷണം നടത്തിയത് സമൂഹത്തില്‍ സ്വീകാര്യതയില്ലാത്ത ഒരാളുടെ ആരോപണങ്ങള്‍ക്ക് സാധുത കണ്ടെത്താനാണെന്ന് മുരളീധരന്‍ ആരോപിച്ചു. 

പ്രതിപക്ഷത്തിന്‍റെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിന്‍റെ ഫലമായാണ് സര്‍ക്കാര്‍ നിയമസഭ സമ്മേളനം ചേരാന്‍ നിര്‍ബന്ധിതമായത്. സോളാര്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകള്‍ തെറ്റാണ്. രാഷ്ട്രീയത്തില്‍ മാന്യമായ സമീപനങ്ങള്‍  സ്വീകരിക്കണം. മുഖ്യമന്ത്രി തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. 

കമ്മീഷന്‍റെ നടപടിയിലല്ല, സര്‍ക്കാരിന്‍റെ നടപടികളോടാണ് എതിര്‍പ്പെന്നും വ്യക്തമാക്കിയ മുരളീധരന്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അതിനെക്കുറിച്ച് പ്രതികരിക്കാമെന്നും അറിയിച്ചു. 

Trending News