ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് പരിഗണനയുമായി ദക്ഷിണ റെയില്‍വേ

  

Updated: Mar 8, 2018, 10:15 AM IST
ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് പരിഗണനയുമായി ദക്ഷിണ റെയില്‍വേ

കൊച്ചി: ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി ട്രെയിനില്‍ ബെര്‍ത്ത് മാറ്റിവെക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. ഓരോ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റുകളിലും ആറ് ബെര്‍ത്തുകള്‍ മാറ്റിവെയ്ക്കും. സെക്കന്‍ഡ്, തേഡ് എസി കോച്ചുകളില്‍ മൂന്ന് ബെര്‍ത്തുകളും മാറ്റിവയ്ക്കും. 

ഏതെങ്കിലും കാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് ആറ് ബെര്‍ത്ത് അനുവദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ വെയിറ്റിങ് ലിസ്റ്റിലുള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന നല്‍കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാങ്ങളെവച്ചു നോക്കുമ്പോള്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ദക്ഷിണേന്ത്യയിലാണ്. ഇത് പരിഗണിച്ചാണ് ദക്ഷിണ റെയില്‍വേയ്ക്ക് മാത്രമായി മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പ് യാത്രകള്‍ക്കും റെയില്‍വേ പ്രത്യേക ആനുകൂല്യം അനുവദിക്കും. ബുക്ക് ചെയ്യുമ്പോള്‍ പിഎന്‍ആര്‍ നമ്പറില്‍ പുരുഷയാത്രികര്‍ ആരും ഉണ്ടാകരുതെന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കമ്പാര്‍ട്ട്‌മെന്റിലും പ്രത്യേകം ബെര്‍ത്ത് ലഭ്യമാക്കുന്നതോടെ സ്ത്രീകള്‍ക്ക് സുഗമമായി യാത്ര ചെയ്യാനാകുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് പറഞ്ഞു.

ആര്‍എസിയില്‍ ഒറ്റയ്ക്കുള്ള സ്ത്രീയുടെ നമ്പര്‍ എത്രയായാലും ഒന്നാമതുള്ള ആളെ ഒഴിവാക്കി അവര്‍ക്ക് സീറ്റ്‌ നല്‍കണം. രണ്ടാമത്തെ പരിഗണന മുതിര്‍ന്ന പൗരന്മാര്‍ക്കാണ്.