സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതൃത്വം

ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായിട്ട് പോലും തോമസ് ചാണ്ടിയെ സംരക്ഷിച്ച് നിര്‍ത്തുന്ന, പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്നും നാണവും മാനവുമുണ്ടെങ്കില്‍ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. 

Updated: Nov 14, 2017, 06:25 PM IST
സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതൃത്വം

തിരുവനന്തപുരം: ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായിട്ട് പോലും തോമസ് ചാണ്ടിയെ സംരക്ഷിച്ച് നിര്‍ത്തുന്ന, പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്നും നാണവും മാനവുമുണ്ടെങ്കില്‍ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. 

ഹൈക്കോടതിയുടെ ഈ അടി യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖത്താണ് കിട്ടിയതെന്നും തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ  കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്‍റെ നിലപാടിനേറ്റ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം. ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ്സു കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രനാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അതിനാല്‍ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് രാജി വെക്കേണ്ടത്. ഹൈക്കോടതി സര്‍ക്കാരിനെ വേമ്പനാട്ട് കായലില്‍  മുക്കി കൊന്നിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിസഭയിലെ അംഗം സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇടത് മുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ട് 4 ദിവസം കഴിഞ്ഞു. നടപടിയെടുക്കാതെ മന്ത്രിയെ കോടതിയില്‍ പോകാന്‍ അനുവദിച്ചത് മുഖ്യമന്ത്രിയാണ്. ഇത്രയും നാണം കെട്ട ഒരു സര്‍ക്കാര്‍ സമീപകാലത്ത് കേരളത്തിലുണ്ടായിട്ടില്ല. തോമസ് ചാണ്ടിക്കെതിരെ സംസാരിക്കാന്‍ പോലും ഭയക്കുന്ന മുഖ്യമന്ത്രി മലയാളികള്‍ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. 

ആദര്‍ശം തോമസ് ചാണ്ടിക്ക് പണയം വെച്ച ഇടതു മുന്നണി, കേരളാ രാഷ്ട്രീയത്തില്‍ അപ്രസക്തമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.