തോമസ്‌ ചാണ്ടിയുടെ രാജി: മൗനം വെടിഞ്ഞ് മുഖ്യന്‍

ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 

Updated: Nov 14, 2017, 05:23 PM IST
തോമസ്‌ ചാണ്ടിയുടെ രാജി: മൗനം വെടിഞ്ഞ് മുഖ്യന്‍

തിരുവനന്തപുരം: ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ അറിയട്ടെ, അതുകൂടാതെ എന്‍സിപിയുടെ തീരുമാനവും അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവും, സീറോ ജെട്ടി റോഡ് എന്നിവയുടെ കാര്യത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന ആലപ്പുഴ ജില്ല കളക്ടറുടെ ഉത്തരവ് റദ്ദാക്കണം എന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം. എന്നാല്‍ ഒരു മന്ത്രിയെന്ന നിലയില്‍ ഹര്‍ജി ഭരണഘടനപരമായി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. അതുകൂടാതെ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളാനാകില്ലെന്നും കോടതി പറഞ്ഞു. 

നേരത്തെ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രിസ്ഥാനത്ത് ഇരുന്ന് സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കുമെന്നും കോടതി ചോദിച്ചിരുന്നു. സർക്കാരും ചാണ്ടിയെ കൈയൊഴിഞ്ഞതോടെ ഹൈക്കോടതി കടുത്ത പരാമർശങ്ങളാണ് നടത്തിയത്. മന്ത്രിയുടെ ഹർജി അപക്വമായി പോയെന്ന സ്റ്റേറ്റ് അറ്റോർണിയുടെ വാക്കുകൾക്ക് പിന്നാലെ സർക്കാരിന് പോലും മന്ത്രിയെ വിശ്വാസമില്ലെന്ന പരാമർശം ഹൈക്കോടതി നടത്തി.  ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും കോടതി വിമര്‍ശിച്ചു.