നാദിര്‍ഷയുടെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി, അന്വേഷണ സംഘത്തിന് രൂക്ഷവിമര്‍ശനം

യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 18ന് കോടതി വിധി പറയും. അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

Updated: Sep 13, 2017, 03:57 PM IST
നാദിര്‍ഷയുടെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി, അന്വേഷണ സംഘത്തിന് രൂക്ഷവിമര്‍ശനം

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 18ന് കോടതി വിധി പറയും. അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

എന്നാല്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് നാദിര്‍ഷ ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാവാനും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെ ഹൈക്കോടതി വിമര്‍ശിച്ചു. കേസ് അന്വേഷിക്കുന്നത് സിനിമയുടെ തിരക്കഥ പോലെയാണോ എന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം എന്ന് തീരുമെന്നും നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. 

ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും, മുഖ്യപ്രതി പള്‍സര്‍ സുനിലിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിനെ വാര്‍ത്തകളില്‍ സജീവമാക്കി നിറുത്താനാണോ പൊലീസ് ശ്രമിക്കുന്നതെന്നും അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചു. അങ്ങനെയെങ്കില്‍ കോടതിക്ക് സ്വമേധയാ ഇടപേടണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.