പൂരനാട്ടിലെ വീട്ടമ്മയ്ക്ക് ഇനി പൊടിപൂരം

കാലപഴക്കത്താല്‍ സ്വന്തമായുണ്ടായിരുന്ന വീട് തകര്‍ന്ന വല്‍സല മൂന്നു മക്കള്‍ക്കൊപ്പം വാടക വീട്ടിലാണ് കഴിയുന്നത്.

Last Updated : Sep 20, 2018, 03:30 PM IST
പൂരനാട്ടിലെ വീട്ടമ്മയ്ക്ക് ഇനി പൊടിപൂരം

തൃശൂര്‍: കേരള ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ ഒന്നാം സമ്മാനം 10 കോടി രൂപ അടിച്ചത് തൃശൂര്‍ അടാട്ട് വിളപ്പുംകാല്‍ സ്വദേശിനി വല്‍സല വിജയന്. വര്‍ഷങ്ങളായി വാടകവീട്ടില് കഴിയുന്ന വിധവയായ വത്സലയ്ക്ക് സ്വന്തമായൊരു വീട് വാങ്ങണമെന്നാണ് മോഹം.

തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയന്‍ ഏജന്‍സി വിറ്റ ടിബി 128092 ടിക്കറ്റിനാണ് ബമ്പറടിച്ചത്. വല്‍സലയ്ക്ക് ഏജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും. ടിക്കറ്റ് വിറ്റ ഏജന്റ് രവിക്ക് ഒരു കോടി രൂപയും കിട്ടും.

സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ് 58 വയസ്സുള്ള വല്‍സല. കഴിഞ്ഞ മാസം തൃശൂര്‍ നഗരത്തില്‍ നിന്നാണ് ഓണം ബമ്പര്‍ ടിക്കറ്റ് വാങ്ങിയത്. സാധാരണ ഫലം വരുമ്പോള്‍ താഴെയുളള സമ്മാനം ആര്‍ക്കാണെന്നാണ് ആദ്യം നോക്കാറുളളത്. ഇത്തവണ ആദ്യം കണ്ണ് പോയത് 10 കോടിയിലേക്ക് തന്നെ. ഫലം കണ്ടതോടെ ഞെട്ടിപ്പോയി.

കാലപഴക്കത്താല്‍ സ്വന്തമായുണ്ടായിരുന്ന വീട് തകര്‍ന്ന വല്‍സല മൂന്നു മക്കള്‍ക്കൊപ്പം വാടക വീട്ടിലാണ് കഴിയുന്നത്. സ്വന്തം വീടില്ലാത്തതിനാല്‍  ഇളയമകന്‍റെ വിവാഹം നീണ്ടുപോകുകയാണ്. ക്യാൻസര്‍ ബാധിച്ച് രണ്ടു വര്‍ഷം മുമ്പ് വത്സലയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. 

10 സീരിസുകളിലായി ആകെ 45 ലക്ഷം ഓണ ബമ്പര്‍ ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ 43.11 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ടിക്കറ്റ് വില 250 രൂപയായിരുന്നു. രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒന്‍പതു പേര്‍ക്കു നല്‍കും. 20 പേര്‍ക്ക് ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്.

Trending News