രണ്ട് ദിവസത്തെ സിപിഎം സെക്രട്ടേറിയേറ്റിന് ഇന്ന് തുടക്കം; പി.കെ. ശശിക്കെതിരെ നടപടിയെന്ന് സൂചന

രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ഇന്ന് തലസ്ഥാനത്ത് തുടക്കം. നേതൃയോഗത്തില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ പരാതിയും ശബരിമല വിഷയവും മുഖ്യചര്‍ച്ചാവിഷയമായിരിക്കും. 

Updated: Oct 12, 2018, 11:00 AM IST
രണ്ട് ദിവസത്തെ സിപിഎം സെക്രട്ടേറിയേറ്റിന് ഇന്ന് തുടക്കം; പി.കെ. ശശിക്കെതിരെ നടപടിയെന്ന് സൂചന

തിരുവനന്തപുരം: രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ഇന്ന് തലസ്ഥാനത്ത് തുടക്കം. നേതൃയോഗത്തില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ പരാതിയും ശബരിമല വിഷയവും മുഖ്യചര്‍ച്ചാവിഷയമായിരിക്കും. 

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്‍റെ പരാതിയില്‍ പി കെ ശശിക്കെതിരെ മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പിയും അടങ്ങിയ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നേതൃയോഗം ചര്‍ച്ച ചെയ്യും. ശശിക്കെതിരെയുള്ള അച്ചടക്ക നടപടിയും നേതൃയോഗം കൈക്കൊള്ളുമെന്നാണ് സൂചന.

അന്വേഷണ കമ്മീഷന് ലഭിച്ച വിവരങ്ങളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ ശരിയെന്നാണ് കമ്മീഷന്‍റെ കണ്ടെത്തല്‍ എന്നാണ് സൂചന. പരാതിക്കാരിയായ യുവതി, ആരോപണവിധേയന്‍, പാലക്കാട് ജില്ല, സംസ്ഥാന ഡിവൈഎഫ്‌ഐ നേതാക്കള്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. പാര്‍ട്ടി ഓഫീസില്‍ വെച്ച് കടന്നുപിടിച്ചെന്നും, വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഫോണിലൂടെ ശല്യം തുടര്‍ന്നെന്നുമാണ് യുവതിയുടെ പരാതി. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ ആരോപണത്തിലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചില കണ്ടെത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ചില നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, തിരഞ്ഞെടുത്ത എല്ലാ പദവികളില്‍നിന്നും പി കെ ശശിയെ ഒഴിവാക്കണമെന്ന അഭിപ്രായവും സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവും പാലക്കാട് ജില്ലയിലെ ഒരു വിഭാഗം ജനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ശക്തമായ നടപടിക്ക് മുതിര്‍ന്നില്ലെങ്കിലോ പരാതിക്കാരി നിയമനടപടി സ്വീകരിച്ചാലോ സിപിഎം കുടുങ്ങുമെന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. 

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും നേതൃയോഗം വിലയിരുത്തും. വിധി വന്നയുടന്‍ തന്നെ അത് വരാനുണ്ടായ സാഹചര്യം തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളുമായും വിളിച്ച് ധരിപ്പിക്കണമായിരുന്നു എന്ന വിമര്‍ശനം കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നിരുന്നു. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് എടുത്ത പ്രചാരണപരിപാടിക്ക് പുറമെ സിപിഎം നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും രണ്ടുദിവസത്തെ കമ്മിറ്റി രൂപം നല്‍കും.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close