വി.എസ് സര്‍ക്കാരിന്‍റെ ഉപദേശക പദവി ഏറ്റെടുക്കും

Last Updated : May 26, 2016, 02:34 PM IST
വി.എസ്  സര്‍ക്കാരിന്‍റെ  ഉപദേശക പദവി ഏറ്റെടുക്കും

തിരുവനന്തപുരം ∙ ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനവും എല്‍ഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനവും വി.എസ്. അച്യുതാനന്ദൻ ഏറ്റെടുക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും വി.എസിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഇടതുമന്ത്രിസഭ അധികാരമേറ്റെടുത്തപ്പോഴും ഏവരും ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന ഒന്നായിരുന്നു വിഎസിന്‍റെ പദവി. 

ഇന്നലെ നടന്ന  പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തനിക്ക് ലഭിക്കുന്ന പുതിയ പദവികള്‍ വിശദീകരിക്കുന്ന കുറിപ്പ് വിഎസ് വായിക്കുന്ന വാര്‍ത്ത ഫോട്ടോ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇംഗ്ലീഷില്‍ എഴുതിയിരുന്ന കുറിപ്പില്‍ ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്‍റെ ഉപദേശക പദവിയും എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പുനപ്രവേശനവും നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.

നേരത്തെ കേന്ദ്രനേതൃത്വത്തിന് മുന്‍പില്‍ വി.എസ് തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് അവകാശവധം ഉന്നയിച്ചിരിന്നു.ഒരു വര്‍ഷമായാലും ആറുമാസമായാലും തനിക്കു ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ തീര്‍ക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പദമൊഴിച്ചു മറ്റൊരു സ്ഥാനവും തനിക്ക് വേണ്ടയെന്നും വി.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ തന്‍റെ സ്ഥാനമാനങ്ങള്‍ ചർച്ചാവിഷയമല്ലന്നും സ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്ന ആളല്ല താനെന്നും വിഎസ്  നേരത്തെ വ്യക്തമാക്കിയിരുന്നു.

Trending News