ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സുപ്രീം കോടതി വിധിക്കെതിരെ: ഹൈക്കോടതി

തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനൻ സമർപ്പിച്ച ജാമ്യ ഹർജിയാണ് ഹൈകോടതി തള്ളിയത്. 

Updated: Nov 8, 2018, 12:13 PM IST
ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സുപ്രീം കോടതി വിധിക്കെതിരെ: ഹൈക്കോടതി

എറണാകുളം: ശബരിമലയില്‍ നടന്ന സമരപരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമസംഭവങ്ങളില്‍ ഉള്ള ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യ ഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. 

തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനൻ സമർപ്പിച്ച ജാമ്യ ഹർജിയാണ് ഹൈകോടതി തള്ളിയത്. ശബരിമല അക്രമ സംഭവത്തില്‍ പങ്കില്ലെന്ന് ഗോവിന്ദ് മധുസൂദനന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന നിരീക്ഷണം കോടതി നടത്തി. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയതെന്നും കോടതി പറഞ്ഞു. ഗോവിന്ദ് മധുസൂദൻ അക്രമത്തിൽ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

നേരത്തെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയത്.

നിയമം കയ്യിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാലത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 23,84,500 രൂപയും പൊലീസ് വാഹനങ്ങള്‍ക്ക് 1,53,000 രൂപയും ഇവര്‍ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമികമായി കണക്കാക്കുന്നത്.

ഇവരുടെ ആക്രമണത്തില്‍ വനിതാമാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റിയിരുന്നു. സുപ്രീം കോടതി  പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ പറഞ്ഞു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close