620 കിലോമീറ്റർ നീളമുള്ള മതില്‍ തീര്‍ക്കാന്‍ 30.15 ലക്ഷം വനിതകൾ

ജനുവരി ഒന്നിന് വൈകീട്ട് നാലിന് ദേശീയപാതയിൽ വലതുഭാഗത്താണ് മതിലുയർത്തുക.

Updated: Dec 6, 2018, 03:05 PM IST
620 കിലോമീറ്റർ നീളമുള്ള മതില്‍ തീര്‍ക്കാന്‍ 30.15 ലക്ഷം വനിതകൾ

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് കാസർകോടു മുതൽ തിരുവനന്തപുരം വെള്ളയമ്പലം വരെ മതില്‍ തീര്‍ക്കുന്നു. 

30,15,000 വനിതകളെ അണിനിര്‍ത്തിയാണ് 620 കിലോമീറ്റർ നീളമുള്ള മതില്‍ പുതുവർഷത്തിൽ ഉയർത്തുന്നത്. 

തോളോട് തോൾ ചേർന്നു നിൽക്കാൻ ഒരാൾക്ക് ശരാശരി ഒന്നരയടി സ്ഥലമാണ് വേണ്ടത്. അങ്ങനെ വരുമ്പോള്‍ 620 കിലോമീറ്റർ തീര്‍ക്കാന്‍ 13,56,080 വനിതകളെയാണ് ആവശ്യം.

എന്നാൽ, സംഘാടകർ ഉറപ്പാക്കുന്നത് ആവശ്യമുള്ളതിന്‍റെ ഇരട്ടിയിലേറെപ്പേരെയാണ്. ജനുവരി ഒന്നിന് വൈകീട്ട് നാലിന് ദേശീയപാതയിൽ വലതുഭാഗത്താണ് മതിലുയർത്തുക.

എല്ലാ മത വിഭാഗങ്ങളില്‍ പെട്ടവരും പങ്കെടുക്കുന്ന പരിപാടിയില്‍ വീടുകൾ സന്ദർശിച്ച് പ്രചാരണമുണ്ടാകും.

കാസർകോട് നഗരത്തിലാണ് തുടക്കം. കാലിക്കടവ്-കണ്ണൂർ-മാഹി-രാമനാട്ടുകര വഴി മലപ്പുറം. പെരിന്തൽമണ്ണ-പട്ടാമ്പി-ചെറുതുരുത്തി-കറുകുറ്റി-അങ്കമാലി-ആലുവ -വൈറ്റില-ആലപ്പുഴ-ഓച്ചിറ-കരുനാഗപ്പള്ളി-കൊല്ലം വഴി തിരുവനന്തപുരം.

വയനാട് ജില്ലയിൽനിന്നുള്ളവർ കോഴിക്കോട്ടും ഇടുക്കിയിലുള്ളവർ ആലുവയിലും കോട്ടയത്തുള്ളവർ ആലപ്പുഴയിലും മതിലിന്‍റെ ഭാഗമാകും. 

പാലക്കാട്ടുകാർ പെരിന്തൽമണ്ണ-പട്ടാമ്പി- ചെറുതുരുത്തി പാതയിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവർ അരൂർ-ഓച്ചിറ റൂട്ടിലുമെത്തും.

സംഘാടകസമിതി 11, 12, 13 തീയതികളിൽ ജില്ലകൾതോറും നിലവിൽവരും. വിളംബരജാഥകളുമുണ്ടാവും. വനിതകളുടെ പഞ്ചായത്തുതല, വാർഡുതല യോഗങ്ങൾ 22-നകം പൂർത്തിയാകും.

മുഖ്യമന്ത്രി വിളിച്ച സാമുദായികസംഘടനകളുടെ യോഗത്തിൽ വനിതകൾ പ്രതിരോധത്തിന് ഇറങ്ങണമെന്ന് നിർദേശിച്ചത് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. 
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close