മലയാള സിനിമയില്‍ സ്ത്രീകൾക്കായി പുതിയ സംഘടന;റിമ കല്ലിങ്കൽ, മഞ്ജു വാര്യർ എന്നിവര്‍ തലപ്പത്ത്

മലയാള ചലച്ചിത്ര ലോകത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി പുതിയ സംഘടന രൂപംകൊള്ളുന്നു. 'വുമൺ കളക്ടീവ് ഇൻ സിനിമ' എന്ന പേരിലാണ് സംഘടന നിലവിൽ വരുന്നത്. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, സജിത മഠത്തിൽ, വിധു വിൻസന്‍റ്,  പാർവതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെടുന്നത്. 

Updated: May 18, 2017, 04:00 PM IST
മലയാള സിനിമയില്‍ സ്ത്രീകൾക്കായി പുതിയ സംഘടന;റിമ കല്ലിങ്കൽ, മഞ്ജു വാര്യർ എന്നിവര്‍ തലപ്പത്ത്

കൊച്ചി: മലയാള ചലച്ചിത്ര ലോകത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി പുതിയ സംഘടന രൂപംകൊള്ളുന്നു. 'വുമൺ കളക്ടീവ് ഇൻ സിനിമ' എന്ന പേരിലാണ് സംഘടന നിലവിൽ വരുന്നത്. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, സജിത മഠത്തിൽ, വിധു വിൻസന്‍റ്,  പാർവതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെടുന്നത്. 

പുതിയ സംഘടന നിലവിലെ മലയാള ചലച്ചിത്ര സംഘടനകൾക്ക് ബദലല്ലെന്നും അമ്മ, മാക്ട, ഫെഫ്ക എന്നീ സംഘടനകളിലെ വനിതകളും പുതിയ സംഘടനയുമായി സഹകരിക്കുമെന്നും നേതൃത്വം അറിയിച്ചു. സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്.

പുതിയ സംഘടനയുടെ പ്രഖ്യാപനത്തിന് മുൻപ് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ടാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ തങ്ങളുടെ പ്രശ്നങ്ങൾ അറിയിച്ച ശേഷം സർക്കാർ സഹായം തേടാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 

ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ആദ്യമായാണ് വനിതകൾക്ക് വേണ്ടി ഒരു സംഘടന രൂപം കൊള്ളുന്നത്. കൊച്ചിയില്‍ നടിയ്ക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സ്ത്രീകളുടെ സംഘടന വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്ന് വന്നത്. സിനിമയിലും അനുബന്ധ മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം കുറവാണെന്ന് നേരത്തെ ഇവര്‍ക്ക് ആക്ഷേപമുണ്ടായിരുന്നു.