ഉടക്കി നില്‍ക്കുന്ന ഡബ്ല്യുസിസിയെ അനുനയിപ്പിക്കാന്‍ എഎംഎംഎ; ചര്‍ച്ച ആഗസ്റ്റ്‌ 7ന്

ആഗസ്റ്റ്‌ 7ന് കൊച്ചിയില്‍ ചര്‍ച്ച നടത്താമെന്നാണ് എഎംഎംഎ ഭാരവാഹികള്‍ അറിയിച്ചത്.

Last Updated : Jul 19, 2018, 01:26 PM IST
ഉടക്കി നില്‍ക്കുന്ന ഡബ്ല്യുസിസിയെ അനുനയിപ്പിക്കാന്‍ എഎംഎംഎ; ചര്‍ച്ച ആഗസ്റ്റ്‌ 7ന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ ചലച്ചിത്ര താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഉടക്കി നില്‍ക്കുന്ന വനിതാ കൂട്ടായ്മാ അംഗങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി എഎംഎംഎ.

ഇതിന്‍റെ ഭാഗമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളെ എഎംഎംഎ ചര്‍ച്ചയ്ക്ക് വിളിച്ചു. രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്.

ആഗസ്റ്റ്‌ 7ന് കൊച്ചിയില്‍ ചര്‍ച്ച നടത്താമെന്നാണ് എഎംഎംഎ ഭാരവാഹികള്‍ അറിയിച്ചത്.

എഎംഎംഎയുടെ നിലപാടിലും നടപടികളിലും ആശങ്ക അറിയിച്ച് നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ എഎംഎംഎ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നും, അമ്മയിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നും കത്തില്‍ ഉന്നയിച്ചിരുന്നു.

ഈ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്.

Trending News