ആഞ്ജലീന ജോളി വിവാഹ മോചന കേസ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്

Updated: Aug 11, 2017, 04:33 PM IST
ആഞ്ജലീന ജോളി വിവാഹ മോചന കേസ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്

ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞു കഴിയുന്ന ആഞ്ജലീന ബ്രാഡ് പിറ്റുമായി വീണ്ടും ഒന്നിക്കാന്‍ സമ്മതം മൂളിയതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു.

അഭിനയവും മദ്യവുമെല്ലാം വലിയ ലഹരിയായിരുന്നു ബ്രാഡ് പിറ്റിന്. ജീവിതത്തില്‍ വലിയ വില നല്‍കേണ്ടിവന്നിട്ടും ഈ മദ്യപാനം നിര്‍ത്താന്‍ ഒരുക്കമായിരുന്നില്ല ബ്രാഡ് പിറ്റ്.  ആഞ്ജലീന ജോളിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ബ്രാഡ് പിറ്റ് ആ തീരുമാനവുമെടുത്തു, ഇനി മദ്യപിക്കില്ല എന്നത്.  

വിവാഹമോചനത്തിനായി 2016ല്‍ ആഞ്ജലീന ജോളി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ ഹര്‍ജിയുമായി മുന്നോട്ടു പോകേണ്ടെന്ന തീരുമാനത്തിലാണ് ആഞ്ജലീന എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷമായി വിവാഹമോചന ഹര്‍ജിയില്‍ യാതൊരു തുടര്‍ നടപടികളും ആഞ്ജലീന സ്വീകരിച്ചിട്ടുമില്ല.

ബ്രാഡ് പിറ്റ് മദ്യപാനം നിര്‍ത്തിയതാണ് ആഞ്ജലീനയെ വിവാഹമോചനത്തിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. ഇക്കാര്യം ആഞ്ജലീന തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു കുടുംബം പുലര്‍ത്താന്‍ പ്രാപ്തിയുണ്ടെന്ന് തോന്നുപക്ഷം ബ്രാഡ് പിറ്റിനൊപ്പം ജീവിക്കാന്‍ ഒരുക്കമാണെന്ന് ആഞ്ജലീന പറഞ്ഞതായി അവരോട് അടുപ്പമുള്ളവര്‍ സൂചിപ്പിച്ചിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് മദ്യപാനം ഉപേക്ഷിക്കാനുള്ള ബ്രാഡ് പിറ്റിന്‍റെ തീരുമാനവും വിവാഹമോചനത്തില്‍ നിന്ന് പിന്മാറാനുള്ള ആഞ്ജലീനയുടെ തീരുമാനവും ഉണ്ടാവുന്നത്. 

കുട്ടികളെയോര്‍ത്താണ് ഇരുവരും വിവാഹമോചന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറ് മക്കളാണ് ഇവര്‍ക്കുള്ളത്.