പൂമരം നാളെ പ്രദര്‍ശനത്തിന്; റിലീസിനെ ട്രോളി സോഷ്യല്‍ മീഡിയ

റിലീസ് വൈകിയെങ്കിലും ട്രോളുകളില്‍ പൂമരം എന്ന സിനിമ സ്ഥിര സാന്നിധ്യം ആയതിനാല്‍ മാര്‍ക്കറ്റിംഗിനായി പുതിയ വഴികളൊന്നും തന്നെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് തേടേണ്ടി വന്നില്ല. 

Updated: Mar 14, 2018, 05:34 PM IST
പൂമരം നാളെ പ്രദര്‍ശനത്തിന്; റിലീസിനെ ട്രോളി സോഷ്യല്‍ മീഡിയ

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടും പല കാരണങ്ങള്‍ മൂലം റിലീസ് നീണ്ടു പോയ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി മീമുകളും സജീവമാണ്. 

ചിത്രത്തിന്‍റെ റിലീസ് നാളെയാണെന്ന് അറിയിച്ചുകൊണ്ട് കാളിദാസന്‍ പങ്കു വച്ച പോസ്റ്റിന് താഴെ തന്നെയുണ്ട് മീമുകളും ട്രോളുകളും. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ ഇന്നസെന്‍റ് പാടിയ പാട്ടിന്‍റെ വരികളാണ് ചിത്ര സഹിതം ഒരു ആരാധകന്‍ കമന്‍റായി രേഖപ്പെടുത്തിയത്. ഇന്ന് ഇല്ലെങ്കിൽ നാളെ വരും .. നാളെ ഇല്ലെങ്കിൽ മറ്റന്നാൾ വരും കാളി കുട്ടാ എന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിന് ഭാവുകങ്ങളും നേരുന്നുണ്ട് ആരാധകന്‍. 

ഇത്രയും നാൾ എന്നെ ട്രോളി പൂമരം ലൈവ് ആക്കി നിർത്തിയ നിങ്ങൾക്ക് എന്‍റെ സ്വന്തം പേരിലും, പൂമരത്തിന്റെ പേരിലും ദൃതങ്ക പുളകിത സഞ്ചിതകുഞ്ചിത്ത നന്ദി അറിയിച്ചു കൊള്ളുന്നു എന്നാണ് മറ്റൊരു ആരാധകന്‍റെ കമന്‍റ്. 

നാളെ രാവിലെ ടിക്കറ്റ് മേടിക്കാൻ ക്യൂ നിൽക്കുമ്പോൾ റിലീസ് മാറ്റിയെന്ന് പറയുമോ എന്ന സംശയവും ഒരു സുഹൃത്ത് പങ്കുവയ്ക്കുന്നു. 'നാളെ പൂമരം പൂക്കും... എല്ലാം ഭംഗിയാകും', എന്ന് കാളിദാസിനെ ആശ്വസിപ്പിക്കുന്നുമുണ്ട് സുഹൃത്തുക്കള്‍. 

റിലീസ് വൈകിയെങ്കിലും ട്രോളുകളില്‍ പൂമരം എന്ന സിനിമ സ്ഥിര സാന്നിധ്യം ആയതിനാല്‍ മാര്‍ക്കറ്റിംഗിനായി പുതിയ വഴികളൊന്നും തന്നെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് തേടേണ്ടി വന്നില്ല. 

പൂമരം കാണാനുള്ള 150 രൂപ ബാങ്കിൽ ഇട്ടത്‌ കൊണ്ട്‌ കഞ്ഞികുടി മുട്ടലില്ലാണ്ട് പോവുന്നുണ്ടായിരുന്നു എന്നും ആ പൈസയുടെ പലിശകൊണ്ട്‌ ഒരു വീടും വച്ചെന്നും മറ്റൊരു ആരാധകന്‍ പറയുന്നു. റിലീസ്‌ കുറച്ചും കൂടെ നീട്ടിയാൽ പട്ടിണി ഇല്ലാണ്ട് പോവായിരുന്നു എന്നൊരു ആത്മഗതവും അദ്ദേഹം പങ്കു വച്ചു. എന്തായാലും ട്രോളുകളും മീമുകളും കൊണ്ട് പൂമരം റിലീസ് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.