വിവാഹിതന്‍ എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു: കിം കി ഡുക്ക്

ഒരു ചുംബനം ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അതിനുപരിയായി അവരുടെ അനുവാദമില്ലാതെ ഞാനൊന്നും ചെയ്തിട്ടില്ല, കിം കി ഡുക്ക് പറഞ്ഞു. 

Updated: Mar 7, 2018, 07:38 PM IST
വിവാഹിതന്‍ എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു: കിം കി ഡുക്ക്
Pic Courtesy: AFP

സിയോള്‍: ലൈംഗിക ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് പ്രശസ്ത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക്. വിവാഹിതനെന്ന നിലയില്‍ ഇത്തരം ആരോപണങ്ങള്‍ ലജ്ജിപ്പിക്കുന്നവയാണെന്ന് കിം കി ഡുക്ക് പ്രതികരിച്ചു. 

ഒരു ചുംബനം ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അതിനുപരിയായി അവരുടെ അനുവാദമില്ലാതെ ഞാനൊന്നും ചെയ്തിട്ടില്ല. അടുപ്പമേറിയ ലൈംഗിക ബന്ധങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അവയെല്ലാം ഉഭയസമ്മതത്തോടെയായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളില്‍ വിവാഹിതനെന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നുവെന്ന് കിം കി ഡുക്ക് പറഞ്ഞു. 

ദക്ഷണിണ കൊറിയന്‍ അന്വേഷണാത്മക ടിവി പരമ്പരയായ പി.ഡി നോട്ടുബുക്ക് എന്ന പരിപാടിയലൂടെയാണ് കിം കി ഡുക്കിന്‍റെ ലൈംഗിക പീഡനങ്ങള്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ വെളിപ്പെടുത്തിയത്. 

2017ല്‍ കിം കി ഡുക്കിനെതിരെ ആരോപണം ഉന്നയിച്ച നടിക്ക് പുറമെ ഇദ്ദേഹത്തിന്‍റെ ചിത്രീകരണത്തില്‍ സഹകരിച്ചിട്ടുള്ള രണ്ട് പുരുഷ സഹപ്രവര്‍ത്തകരും മറ്റൊരു നടിയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. 

സംവിധായകന്‍ കിം കി ഡുക്കും അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ അഭിനേതാവും സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കിടയില്‍ ബലാത്സംഗം ചെയ്തുവെന്നാണ് പുതിയ ആരോപണം. സ്ക്രിപ്റ്റ് ചര്‍ച്ചക്കെന്ന പേരില്‍ വിളിച്ചു വരുത്തിയായിരുന്നു ലൈംഗിക അതിക്രമം. ചിത്രീകരണത്തിനിടയില്‍ നായകന്‍റെ മാനേജരും ബലാത്സംഗത്തിന് ശ്രമിച്ചതായി നടി ആരോപിച്ചു. സംവിധായകനുമായുള്ള ലൈംഗിക ബന്ധം തുടരാന്‍ സമ്മതിച്ചാല്‍ പുതിയ സിനിമയില്‍ അവസരം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മാനസികമായി തകര്‍ന്ന നടി പിന്നീട് മനഃശാസ്ത്രജ്ഞനെ സമീപിക്കുകയായിരുന്നു. 

ക്യാമറയ്ക്ക് മുന്നില്‍ ഒരു സ്ത്രീയുമായി മൂന്ന് രീതിയില്‍ ലൈംഗികവേഴ്ചയിലേര്‍പ്പെടാന്‍ സംവിധായകന്‍ കിം കി ഡുക്ക് നിര്‍ബന്ധിച്ചതായി മറ്റൊരു നടി വെളിപ്പെടുത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ നാല് വര്‍ഷമെടുത്തുവെന്നും കിം കി ഡുക്ക് പ്രശസ്ത സംവിധായകനായതിനാല്‍ സഹപ്രവര്‍ത്തകര്‍ തനിക്കൊപ്പം നില്‍ക്കാന്‍ വിമുഖത കാണിച്ചെന്നും നടി പറയുന്നു.