പൃഥ്വിയുടെ പുതിയ സ്വപ്നത്തിന്‍റെ പേര് 'മീറ്റര്‍ ഗേജ് 1904'

Updated: Nov 5, 2017, 01:37 PM IST
പൃഥ്വിയുടെ പുതിയ സ്വപ്നത്തിന്‍റെ പേര് 'മീറ്റര്‍ ഗേജ് 1904'

നവാഗതനായ പ്രദീപ് എം.നായര്‍ സംവിധായനം ചെയ്യുന്ന വിമാനം എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. പ്രദീപ് തന്നെ സംവിധാനം ചെയ്യുന്ന 'മീറ്റര്‍ ഗേജ് 1904'. ഇത് മറ്റൊരു സ്വപ്നമാണെന്ന് ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കു വച്ചു കൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. 

നാല് വര്‍ഷത്തോളം നീണ്ട വിമാനത്തിന്‍റെ ചിത്രീകരണം അവസാനിച്ചെന്ന് അറിയിച്ചതിനൊപ്പമാണ് പ്രദീപിന്‍റെ തന്നെ സംവിധാനത്തിലാവും തന്‍റെ അടുത്ത ചിത്രമെന്നും പൃഥ്വിരാജ്  വ്യക്തമാക്കിയത്. 

കൊല്ലം- ചെങ്കോട്ട മീറ്റര്‍ഗേജ് നിര്‍മ്മാണത്തിനിടെയുള്ള ചില യഥാര്‍ഥ സംഭവങ്ങളുടെ സിനിമാവിഷ്കാരം ആയിരിക്കും പുതിയ സിനിമയെന്നാണ് റിപ്പോര്‍ട്ട്. എന്‍ജിനീയര്‍ കുരുവിളയായിട്ടാണ് ചിത്രത്തില്‍ പൃഥ്വി പ്രത്യക്ഷപ്പെടുന്നത്. തിരക്കഥ തയ്യാറാക്കുന്നതിന് ആഴത്തിലുള്ള ഗവേഷണം ആവശ്യമുള്ളതിനാല്‍ സമയമെടുത്താവും അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന സൂചനയാണ് പൃഥ്വിരാജിന്‍റെ പോസ്റ്റ് നല്‍കുന്നത്. സംവിധായകന്‍ പ്രദീപ് എം.നായരാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കുന്നത്.