പേരില്‍ 'കത്തി' വച്ചപ്പോള്‍ 'ട്രിപ്പിള്‍ എക്സ്' ആയി സെക്സി ദുര്‍ഗ

Updated: Oct 11, 2017, 11:46 AM IST
പേരില്‍ 'കത്തി' വച്ചപ്പോള്‍ 'ട്രിപ്പിള്‍ എക്സ്' ആയി സെക്സി ദുര്‍ഗ

അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ സനല്‍കുമാര്‍ ശശിധരന്‍റെ ഏറ്റവും പുതിയ ചിത്രം സെക്സി ദുര്‍ഗയുടെ ടൈറ്റിലില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ കത്തി വീണു. എന്നാല്‍ കലാകാരന്‍റെ സര്‍ഗാത്മതയെ സെന്‍സര്‍ ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്‍റെ പോസ്റ്ററില്‍ ഗംഭീരന്‍ അഴിച്ചു പണിയാണ് സംവിധായകന്‍ നടത്തിയത്. 'സെക്സി' എന്ന വാക്കിന് പകരം 'SXXX' എന്ന് ചേര്‍ത്താണ് സംവിധായകന്‍ സെന്‍സര്‍ ബോര്‍ഡിന് മറുപടി നല്‍കിയത്. 

ചിത്രത്തിന്‍റെ പേരില്‍ നിന്ന് 'സെക്സി' എന്ന വാക്ക് ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. അതനുസരിച്ച് 'സെക്സി' എന്ന വാക്ക് മാറ്റി ചിത്രത്തിന്‍റെ പേര് 'എസ് ദുര്‍ഗ' എന്നാക്കി  പരിഷ്കരിച്ചു. എന്നാല്‍ 'എസ്' എന്ന അക്ഷരത്തിനൊപ്പം മൂന്ന് 'എക്സ്' കൂടി ചേര്‍ത്താണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ ഇറങ്ങിയത്. 

ദുര്‍ഗയുടെ ഭക്തര്‍ 'എസ്' എന്ന അക്ഷരത്തിനെ 'സെക്സി' ആയി ഭാവനയില്‍ കണ്ടാല്‍ ദുര്‍ഗാദേവിയുടെ കോപത്തിന് പാത്രമാകുമെന്നും സനല്‍കുമാര്‍ ശശിധരന്‍ പരിഹസിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ടൈറ്റില്‍ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. 

പേര് മാറ്റിയതോടെ യു-എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു രംഗം പോലും സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ അറിയിച്ചു. ഓഡിയോ ട്രാക്ക് ചിലയിടങ്ങളില്‍ മ്യൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അത് ചിത്രത്തിന്‍റെ ആസ്വാദനത്തെ ബാധിക്കില്ലെന്നും സനല്‍കുമാര്‍ വ്യക്തമാക്കി. നവംബറില്‍ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close