'അവരില്‍ കഥാപാത്രങ്ങളെ മാത്രമേ കാണാന്‍ കഴിയൂ': മലയാള സിനിമയെ വാനോളം പുകഴ്ത്തി ശേഖര്‍ കപൂര്‍

തന്നെ ഏറെ വിസ്മയിപ്പിച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സജീവ്‌ പാഴൂരിന്‍റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്ന്‍ കപൂര്‍ വ്യക്തമാക്കി.

Updated: Apr 13, 2018, 07:56 PM IST
'അവരില്‍ കഥാപാത്രങ്ങളെ മാത്രമേ കാണാന്‍ കഴിയൂ': മലയാള സിനിമയെ വാനോളം പുകഴ്ത്തി ശേഖര്‍ കപൂര്‍

റുപത്തിയഞ്ചാമത് ദേശീയ പുരസ്കാര വേദിയില്‍ മലയാള ചിത്രങ്ങളും കലാകാരന്‍മാരും അംഗീകാര തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിന്‍റെ പരാമര്‍ശങ്ങളാണ്. മലയാള സിനിമയെ വാനോളം പുകഴ്ത്തിയാണ് ശേഖര്‍ കപൂര്‍ അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ സംസാരിച്ചത്. തന്നെ ഏറെ വിസ്മയിപ്പിച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സജീവ്‌ പാഴൂരിന്‍റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്ന്‍ കപൂര്‍ വ്യക്തമാക്കി.

'ഇതൊരു ബ്രില്യന്റ് ഫിലിം തന്നെ. തുടക്കത്തിലെ പ്രേമവും ഒളിച്ചോട്ടവുമൊക്കെ സിനിമയെ ആദ്യമൊക്കെ ലളിതമാക്കുമെങ്കിലും തുടര്‍ന്നുള്ള ഓരോ നീക്കങ്ങളിലെയും സൂക്ഷ്മമായ കാര്യങ്ങള്‍ വരെ പ്രേക്ഷക ശ്രദ്ധയിലേക്കെത്തിക്കുന്നു. അവസാനമെത്തുമ്പോഴേക്കും സിനിമ മുറുകും, നിങ്ങള്‍ ഞെട്ടിത്തരിക്കും' ശേഖര്‍ കപൂര്‍ പറഞ്ഞു. ഇത്രയും മികച്ച രീതിയില്‍ താരങ്ങള്‍ അഭിനയിച്ച ഒരു സിനിമ താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആമിര്‍ഖാന്‍റെ ചിത്രങ്ങള്‍ കാണുമ്പോള്‍ അതില്‍ അഭിനയിക്കുന്നത് ആമീര്‍ഖാനാണെന്ന്‍ ഏത് പ്രേക്ഷകര്‍ക്കും മനസ്സിലാവും. പക്ഷെ ചില മലയാളം ചിത്രങ്ങള്‍ അങ്ങനെയല്ല. അഭിനേതാക്കള്‍ വിവിധ റോളുകള്‍ ചെയ്യുന്നു. അവിടെ കഥാപാത്രങ്ങളെ മാത്രമേ കാണാന്‍ സാധിക്കൂ' കപൂര്‍ പറഞ്ഞു.

മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തിയ കപൂര്‍ ഫഹദിന്‍റെ വ്യത്യസ്ഥ രീതിയിലുള്ള പെര്‍ഫോമന്‍സ് മറ്റൊരാളിലും കാണാന്‍ കഴിഞ്ഞിട്ടില്ല എന്നും സൂചിപ്പിച്ചു.

മികച്ച നടനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള മത്സരത്തില്‍ അവസാന റൗണ്ട് വരെ ഇന്ദ്രന്‍സ് എത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വി. സി അഭിലാഷ് സംവിധാനം ചെയ്ത 'ആളൊരുക്കം' എന്ന ചിത്രത്തില്‍ ഓട്ടംതുള്ളല്‍ കലാകാരന്‍റെ വേഷമാണ് ഇന്ദ്രന്‍സ് ചെയ്തത്. പക്ഷെ അവസാന റൗണ്ടില്‍ റിഥി സെന്നിനെ മികച്ച നടനായി തിരഞ്ഞെടുക്കുകയായിരുന്നു.

പ്രാദേശിക സിനിമകളിലെ അഭിനയ പാടവം ഞെട്ടിപ്പിക്കുന്നതാണെന്നും ഹിന്ദി സിനിമകള്‍ക്ക് ആ നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ശേഖര്‍ കപൂര്‍ ചൂണ്ടിക്കാട്ടി.