മലയാളിയുടെ പ്രിയതാരത്തിന് ഇന്ന് പിറന്നാള്‍ മധുരം

Updated: Sep 10, 2017, 05:13 PM IST
 മലയാളിയുടെ പ്രിയതാരത്തിന് ഇന്ന് പിറന്നാള്‍ മധുരം

നിങ്ങളുടെ പ്രിയതാരം ആരെന്ന് ചോദിച്ചാല്‍ മലയാളിയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ. പ്രിയപ്പെട്ട മഞ്ചു വാര്യര്‍. മലയാളിയുടെ പ്രിയതാരത്തിന് ഇന്ന് മുപ്പത്തൊന്‍പതാം പിറന്നാളാണ്. 

1978 സെപ്തംബര്‍ 10ന് നാഗര്‍കോവിലിലാണ് മഞ്ചുവിന്‍റെ ജനനം. കുട്ടിക്കാലത്ത് തന്നെ നൃത്തം അഭ്യസിച്ച് തുടങ്ങിയ മഞ്ചു സ്‌കൂള്‍ യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 

രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായി. ഈ നേട്ടമാണ് നടിയെ അഭിനയരംഗത്തേക്ക് നയിച്ചത്. 1995ല്‍ ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് മഞ്ചു ആദ്യമായി അഭിനയിച്ചത്.

പതിനെട്ടാമത്തെ വയസ്സില്‍ സല്ലാപം ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ച് മഞ്ചു വാര്യര്‍ ശ്രദ്ധേയയായി. തുടര്‍ന്ന് ഏകദേശം ഇരുപതോളം മലയാള ചിത്രങ്ങളില്‍ വ്യത്യസ്ഥ വേഷങ്ങള്‍ ചെയ്തു. 

ഇക്കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ചു പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. പിന്നീട് നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം മഞ്ജു അഭിനയം നിര്‍ത്തി.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999ല്‍ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

ഒടുവില്‍ മലയാള പ്രേക്ഷകര്‍ കത്തിരുന്നപോലെ വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ചു വാര്യര്‍ മിന്നുന്ന കഥാപാത്രവുമായി 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന ചിത്രത്തിലൂടെ വീണ്ടും ക്യാമറക്കു മുമ്പില്‍ എത്തി. ശക്തമായ കഥാപാത്രമായ 'ഉദാഹരണം സുജാത' വരെ എത്തി നില്‍ക്കുന്നു മലയാളികലുടെ പ്രിയ നായികയുടെ അഭിനയ ജീവിതം.