ബഹറിൻ‍: വാട്‌സ് ആപ്പ് ചാറ്റ് ഗ്രൂപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ചു

ബഹറിനില്‍ പുതിയ അദ്ധ്യയന വര്‍ഷാരംഭത്തില്‍ സ്‌കൂള്‍ മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം. ബഹറിനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരും രക്ഷിതാക്കളും ആശയ വിനിമയത്തിനായി വാട്‌സ് ആപ്പ് ചാറ്റ് ഗ്രൂപ്പുകളെ ആശ്രയിക്കുന്നതാണ് അധികൃതര്‍ നിരോധിച്ചത്. 

Updated: Sep 11, 2017, 06:04 PM IST
ബഹറിൻ‍: വാട്‌സ് ആപ്പ് ചാറ്റ് ഗ്രൂപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ചു

ബഹറിൻ: ബഹറിനില്‍ പുതിയ അദ്ധ്യയന വര്‍ഷാരംഭത്തില്‍ സ്‌കൂള്‍ മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം. ബഹറിനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരും രക്ഷിതാക്കളും ആശയ വിനിമയത്തിനായി വാട്‌സ് ആപ്പ് ചാറ്റ് ഗ്രൂപ്പുകളെ ആശ്രയിക്കുന്നതാണ് അധികൃതര്‍ നിരോധിച്ചത്. 

ബലിപെരുന്നാള്‍ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഈ അദ്ധ്യായന വര്‍ഷാരംഭം മുതല്‍ ഇത്തരം ചാറ്റിംഗ് റൂമുകള്‍ കര്‍ശനമായി ഒഴിവാക്കണമെന്ന് അധികൃതര്‍ സ്‌കൂള്‍ മേധാവികള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയ വിനിമയത്തിന്‍റെ പ്രാധ്യാന്യം എല്ലാവരും മനസ്സിലാക്കണമെന്നും സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കുകള്‍ ഔദ്യോഗിക ആശയവിനിമയത്തിന് പകരമാവില്ലെന്നുമാണ് ഇതു സംബന്ധിച്ച് അധികൃതരുടെ വിശദീകരണം.

ബഹറിൻ സാങ്കേതിക പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടര്‍ സെക്കട്ടറി അബ്ദുല്‍ ലത്തീഫ് അല്‍ ബോണൂതയാണ്‌ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ രക്ഷിതാക്കള്‍ ഈ പ്രവണത തുടരുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. 

നിലവില്‍ രാജ്യത്തെ പബ്ലിക്ക് സ്‌കൂളുകളുടെ പ്രിന്‍സിപ്പള്‍മാര്‍ക്ക് മാത്രമായി അയച്ച നിര്‍ദേശത്തില്‍ സ്വകാര്യ സ്‌കൂളുകളെ കുറിച്ച് പരാമര്‍ശമില്ലെങ്കിലും വൈകാതെ ഇത് സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കുമെന്നാണ് വിലയിരുത്തല്‍.