പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളുമായി ദോഹ

  

Last Updated : Jun 18, 2018, 03:42 PM IST
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളുമായി ദോഹ

ദോഹ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ദോഹ നഗരസഭ, പരിസ്ഥിതി മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നു. ഇതിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അധികമായി ഉപേക്ഷിക്കപ്പെടുന്ന ബീച്ചുകളിലും പിക്‌നിക് സ്‌പോട്ടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു മാത്രമായി പ്രത്യേക വീപ്പകള്‍ സ്ഥാപിച്ചു തുടങ്ങി.

അവധി ദിനങ്ങളില്‍ ബീച്ചുകളിലും പിക്‌നിക് കേന്ദ്രങ്ങളിലും എത്തുന്ന സന്ദര്‍ശക സംഘങ്ങള്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇടാന്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയം പ്രത്യേകം ബാഗുകള്‍ വിതരണം ചെയ്യും. പിക്‌നിക് തീര്‍ന്നു മടങ്ങുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കു മാത്രമായി സ്ഥാപിച്ചിരിക്കുന്ന വീപ്പകളില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശത്തോടെയാണ് ബാഗുകള്‍ നല്‍കുന്നത്. 

ഈ വീപ്പകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് സംസ്‌കരിച്ച് പുനരുപയോഗിക്കാനാണ് നീക്കം. ഇതിലൂടെ കടല്‍ത്തീരവും കടലും പ്ലാസ്റ്റിക് മുക്തമാക്കുവാനും ഒപ്പം വംശനാശം വരുന്ന കടല്‍ജീവികളുടെ സംരക്ഷണം ഉറപ്പാക്കാനും ഒരു പരിധിവരെ കഴിയും. മാത്രമല്ല, മണ്ണില്‍ അലിഞ്ഞുചേരുന്ന പേപ്പര്‍ കാരിബാഗുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

ദോഹയില്‍ ഇപ്പോള്‍ ഫ്ലാറ്റുകളില്‍ നിന്നും വില്ലകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിക്കുന്ന പതിവില്ല. മൊത്തമായി സംഭരിക്കുന്ന മാലിന്യങ്ങള്‍ ഡമ്പിങ് യാര്‍ഡില്‍ പ്രത്യേകം വേര്‍തിരിച്ചു സംസ്‌കരിക്കുകയാണ്. ഇത് വന്‍തോതില്‍ ചെലവു വര്‍ധിപ്പിക്കുന്നുണ്ട്. 

മാലിന്യവീപ്പകള്‍ ശരിയായി ഉപയോഗിക്കുന്നതു സംബന്ധിച്ച് രാജ്യവ്യാപകമായി ബോധവല്‍ക്കരണം നടത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ബോട്ടിലുകളും കൂടുകളും നിര്‍ദിഷ്ട സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബിന്നുകളില്‍ മാത്രം നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ബോധവല്‍ക്കരണത്തിന്‍റെ മുഖ്യലക്ഷ്യമെന്ന് മന്ത്രാലയത്തിലെ പരിസ്ഥിതി സംരക്ഷണവിഭാഗം മേധാവി ഒമര്‍ സലിം അല്‍ നയീമി പറഞ്ഞു. 

Trending News