ദുബായില്‍ കനത്ത പൊടിക്കാറ്റും മഴയും; 200ല്‍ അധികം അപകടങ്ങള്‍

ദുബായില്‍ അപ്രതീക്ഷിതമായി ഉണ്ടായ പൊടിക്കാറ്റും മഴയും ജനജീവിതം ദുസ്സഹമാക്കി. 

Updated: Jul 7, 2018, 06:48 PM IST
ദുബായില്‍ കനത്ത പൊടിക്കാറ്റും മഴയും; 200ല്‍ അധികം അപകടങ്ങള്‍

ദുബായ്: ദുബായില്‍ അപ്രതീക്ഷിതമായി ഉണ്ടായ പൊടിക്കാറ്റും മഴയും ജനജീവിതം ദുസ്സഹമാക്കി. 

ദുബായിലെ അല്‍ഖ്വനീജ്, ഹബ്ഷാന്‍ അല്‍ ദഫ്ര, എന്നിവിടങ്ങളിലും ഷാര്‍ജയിലുമാണ് വേനല്‍മഴ കൂടുതലായും ലഭിച്ചത്. അല്‍-ഐന്‍, ദുബായിലെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് വെളളിയാഴ്ച രാവിലെ ശക്തമായ പൊടിക്കാറ്റും ഒപ്പം മഴയും ഉണ്ടായത്. 

പൊടിക്കാറ്റും മഴയും ആരംഭിച്ച്‌ മൂന്ന് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 252 അപകടങ്ങളാണ്. നിരവധി മരങ്ങള്‍ കടപുഴകി വീണു. ദുബായ് പോലീസ് കണ്‍ട്രോള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ഖവനീജയില്‍ മരം മറിഞ്ഞ് വീണ് രണ്ട് സ്ത്രീകള്‍ക്ക് പരുക്ക് പറ്റി.

പൊടിക്കാറ്റ് കാഴ്ച മറച്ചതോടെ നിരവധി വാഹനാപകടങ്ങളാണ് പ്രദേശത്ത് ഉണ്ടായത്. റോഡില്‍ തൊട്ട് മുന്നിലുള്ള വാഹനത്തെ കാണാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു പൊടിക്കാറ്റ് ആഞ്ഞടിച്ചത്.

ഇതോടെ ദുബായ് ഗതാഗത വകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ചയും ഇതേ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നു വീശിയ പൊടിക്കാറ്റിന് 20-30 കിലോമീറ്റര്‍ വേഗതയായിരുന്നു. എന്നാല്‍ ശനിയാഴ്ച അത് 45 കിലോമീറ്റര്‍ വേഗതയായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യു.എ.ഇയുടെ തെക്ക് കിഴക്ക്, വടക്കു കിഴക്ക് എന്നീ ദിശകളില്‍ നിന്നാണ് പൊടിക്കാറ്റിന്‍റെ ഉദ്ഭവം. ദുബായിലെ ചൂട് വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 48.8 ഡിഗ്രിയാണ്.