ഉടുപ്പിന്‍റെ കൈ തേച്ചു മടക്കി ഗിന്നസില്‍ ഇടം നേടിയവര്‍!

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 'ദുബായ്ക്ക് ഒരു ദിനം'  എന്ന പരിപാടി സംഘടിപ്പിച്ചത്.

Last Updated : Nov 11, 2018, 05:17 PM IST
ഉടുപ്പിന്‍റെ കൈ തേച്ചു മടക്കി ഗിന്നസില്‍ ഇടം നേടിയവര്‍!

ദുബായ്: ഉടുപ്പിന്‍റെ കൈ തേച്ചു മടക്കി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ദുബായ്. 

'ദുബായ്ക്ക് ഒരു ദിനം' പരിപാടിയുടെ ഭാഗമായാണ് ഈ അപൂർവ റെക്കോർഡ് പ്രകടനം നടന്നത്. ദുബായ് കിരീടാവകാശ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.  

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 'ദുബായ്ക്ക് ഒരു ദിനം'  എന്ന പരിപാടി സംഘടിപ്പിച്ചത്.

സാധുക്കൾക്കായുള്ള വസ്ത്രശേഖരണമാണ് ഇതിനായി നടത്തിയത്. ആർടിഎയുടെ (റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി) 850 സന്നദ്ധ പ്രവർത്തകർ പരിപാടിയില്‍ പങ്കെടുത്തു.   

ഇവരെ കൂടാതെ, പത്തോളം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ആളുകളും പരിപാടിയില്‍ സാന്നിധ്യമറിയിച്ചു. 

സബീൽ പാർക്കിൽ നടന്ന സംരംഭത്തിൽ ആർടിഎ ചെയർമാൻ മാത്തർ അൽ തായർ ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ജനറൽ സെക്രട്ടറി അബ്ദുള്ള അൽ ബസ്തിയും പങ്കെടുത്തു.

സമാഹരിച്ച 35,000 വസ്ത്രങ്ങളിൽ 1400 ഉടുപ്പുകൾ തേച്ച് ഇവയുടെ കൈമടക്കി കറുപ്പും വെളുപ്പും നിറത്തിലുള്ള കൂടുകളിലാക്കി. 

ഇവ പിന്നീട് ഷെയ്ഖ് സായിദ് വർഷാചരണത്തിന്‍റെ ലോഗോയുടെ മാതൃകയിൽ ചേർത്തുവച്ച് മൊസേക് ചിത്രമാക്കിയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 

ഒരേസമയം ഇത്രയും ഉടുപ്പുകളുടെ കൈ തേച്ചുമടക്കിയതിനാണ് റെക്കോർഡ് സ്വന്തമായത്.

 ഗ്ലോബൽ ടെക്സ്റ്റൈൽ എഫ്ഇസെഡ്‌ഇ എന്ന സംഘടനയുമായി സഹകരിച്ച് ഈ വസ്ത്രങ്ങൾ വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്യും. 

 

 

Trending News