കടല്‍ കടന്ന് കഞ്ഞി!

അങ്ങനെയൊരു തോന്നല്‍ ഉണ്ടായാല്‍ അപ്പൊ തന്നെ വിട്ടേക്കണം അബുദാബിയിലെ മുസാഫാപാത്തിലേക്ക്. ചൂടോടെ കഞ്ഞി കുടിയ്ക്കാന്‍ പറ്റിയ കൂള്‍ സ്പെയ്സ് അവിടെയുണ്ട്. 

Sneha Aniyan | Updated: Sep 7, 2018, 06:10 PM IST
കടല്‍ കടന്ന് കഞ്ഞി!

''ചൂടോടെ അല്പം കഞ്ഞി കിട്ടിയാല്‍ കൊള്ളാം''.. ഓഫീസിലെ തിരക്കുകള്‍ കഴിഞ്ഞ് മുറിയിലേക്കെത്തുന്ന ഓരോ പ്രവാസിയുടെയും ആത്മഗതമാണിത്. പക്ഷെ, മരുഭൂമിയില്‍ കഞ്ഞിയും കപ്പയും എവിടെ കിട്ടാന്‍?

എന്നാല്‍, ഇനി അങ്ങനെയൊരു തോന്നല്‍ ഉണ്ടായാല്‍ അപ്പൊ തന്നെ വിട്ടേക്കണം അബുദാബിയിലെ മുസാഫാപാത്തിലേക്ക്. ചൂടോടെ കഞ്ഞി കുടിയ്ക്കാന്‍ പറ്റിയ കൂള്‍ സ്പെയ്സ് അവിടെയുണ്ട്. 

അബുദാബിയിലെ മുസാഫാപാത്തിലെ ഫ്രഷ്‌ പാലസ് റെസ്റ്റോറന്‍റില്‍ കയറിയാല്‍ ഏത് രീതിയിലുള്ള കഞ്ഞി വേണമെങ്കിലും കിട്ടും. 

അരിക്കഞ്ഞി, ഗോതമ്പ് കഞ്ഞി, ഫ്രഷ്‌ പാലസ് സ്പെഷ്യല്‍ കഞ്ഞി, പയര്‍ കഞ്ഞി, ജീരക കഞ്ഞി അങ്ങനെ നിരവധി വ്യത്യസ്ത കഞ്ഞികളാണ് ഇവിടെ ലഭിക്കുക. കാഴ്ചയിലും രുചിയിലും വ്യത്യസ്തത നിലനിര്‍ത്തുന്ന കഞ്ഞിക്കൊപ്പം ചെമ്മീന്‍ ചമ്മന്തി, മാങ്ങാ-നാരങ്ങ മിക്സ് അച്ചാര്‍, ഉപ്പേരി, പപ്പടം എന്നീ വിഭവങ്ങളും ലഭ്യമാണ്. 

കൂടാതെ, കൂട്ടുകറി, പച്ചക്കറികള്‍, ഉണക്ക മീന്‍ എന്നിവയ്ക്കൊപ്പം അല്‍പം കപ്പ കൂടി ആകുന്നതോടെ സംഭവം കുശാല്‍.  

നിരവധി തരത്തിലുള്ള കഞ്ഞികള്‍ ലഭിക്കുന്ന  ഇവിടെ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ജീരക കഞ്ഞിക്കാണ്. അരച്ചെടുത്ത തേങ്ങയും, ഉലുവയും, ജീരകവും ചേര്‍ത്ത് തയാറാക്കുന്ന ഈ കഞ്ഞി കുടിക്കുന്നത് വിശപ്പില്ലാതെയാക്കുകയും ആരോഗ്യം പ്രദാനം നല്‍കുകയും ചെയ്യുന്നു. 

ഇവിടെ ലഭിക്കുന്ന കഞ്ഞികള്‍ക്ക് വിദേശികളായ ആവശ്യക്കാരാണ് അധികവും. പ്രതിദിനം ശരാശരി 20 കിലോയുടെ കഞ്ഞിയാണ് ഇവിടെ വിറ്റഴിക്കുന്നത്. മണ്‍ചട്ടിയ്ക്കുള്ളില്‍ ചിരട്ടതവിയിട്ടിളക്കി നല്‍കുന്ന കഞ്ഞിക്ക് 6 ദിര്‍ഹമാണ് വില.  

ഇനി കടയിലേക്ക് പോയി കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കഞ്ഞി വീട്ടിലെത്തിക്കാനും ഇവര്‍ തയാറാണ്. ഫോണ്‍ ചെയ്‌ത് ഓഡര്‍ ചെയ്‌താല്‍ അബുദാബിയില്‍ എവിടെയാണെങ്കിലും സാധനമെത്തും.

കഞ്ഞിയ്ക്ക് പുറമേ, മറ്റ് പല വിഭവങ്ങളും ഇവിടെ ലഭ്യമാണ്. എന്നാല്‍, അവയ്ക്കായി പ്രത്യേകം പണം നല്‍കണം. ഉച്ചക്ക് പൊതിച്ചോര്‍ ലഭിക്കുന്ന ഇവിടെ ചിക്കന്‍ ബിരിയാണി, മട്ടന്‍ ബിരിയാണി, മീന്‍ ബിരിയാണി എന്നിങ്ങനെ വിവിധ തരം പൊതി ബിരിയാണികളും ലഭിക്കും.

ക്യാമ്പുകള്‍, ആശുപത്രികള്‍, എക്സിബിഷന്‍ സെന്‍ററുകള്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ ഉള്‍ക്കൊണ്ട ഇന്‍ഡസ്ട്രിയല്‍ ഏരിയയാണ് മുസാഫാപാത്ത്. ഇവിടെ നിന്നും കഞ്ഞി കുടിച്ചിട്ടിറങ്ങുന്നവരുടെ സന്തോഷം പൂര്‍ത്തിയാകണമെങ്കില്‍ ഒരു കുലുക്കി സര്‍ബത്ത് കൂടി കുടിക്കണം. നാട്ടിലുള്ള സ്വന്തം വീട്ടില്‍ വന്ന് വയര്‍ നിറയെ ഭക്ഷണം കഴിച്ച അനുഭവത്തോടെയാണ് ഇവിടെയെത്തുന്നവര്‍ തിരികെ മടങ്ങുന്നത്. 
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close