ദുബായ് സന്ദര്‍ശിക്കൂ; വാറ്റ് തുക കൈക്കലാക്കൂ

അതായത് നൂറു രൂപയാണ് വാറ്റ് തുകയെങ്കില്‍ വിവിധ ചാര്‍ജുകള്‍ കുറച്ചശേഷം ശേഷം 80.92 രൂപ തിരികെ ലഭിക്കും.   

Last Updated : Jan 8, 2019, 01:20 PM IST
ദുബായ് സന്ദര്‍ശിക്കൂ; വാറ്റ് തുക കൈക്കലാക്കൂ

ദുബായ്: സന്ദര്‍ശക വിസയില്‍ ദുബായിലെത്തുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാങ്ങുന്ന സാധനങ്ങളുടെ വാറ്റ് തുക തിരികെ പോകുമ്പോള്‍ വിമാനത്താവളത്തില്‍ നിന്നു ലഭിക്കും. അഞ്ചു ശതമാനമാണ് വാറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഈ തുകയുടെ 81 ശതമാനത്തോളം ഇനി തിരികെ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

അതായത് നൂറു രൂപയാണ് വാറ്റ് തുകയെങ്കില്‍ വിവിധ ചാര്‍ജുകള്‍ കുറച്ചശേഷം ശേഷം 80.92 രൂപ തിരികെ ലഭിക്കും. സ്വര്‍ണവും മറ്റ് വീട്ടുപകരണങ്ങളും വാങ്ങുന്നവര്‍ക്ക് നല്ലൊരു തുക ഇങ്ങനെ തിരിച്ചുകിട്ടും.

നാട്ടിലേക്കു മടങ്ങുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സാധനങ്ങള്‍ക്കാണ് വാറ്റ് തുക മടക്കികിട്ടുകയെന്ന് ക്രെസ്റ്റണ്‍ മേനോനിലെ വാറ്റ് കണ്‍സല്‍റ്റന്റായ അനൂജ് ജെയിന്‍ പറഞ്ഞു. ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ തുടങ്ങിയതോടെ ധാരാളം പേരാണ് ഇങ്ങോട്ട് എത്തുന്നത്.

വാറ്റ് തിരികെ നല്‍കുന്ന സമ്പ്രദായവുമായി സഹകരിക്കുന്ന കടകളില്‍ നിന്നു വാങ്ങുന്ന സാധനങ്ങള്‍ക്കാണ് തുക തിരികെ ലഭിക്കുക. സ്വര്‍ണക്കടകളടക്കം മിക്ക കടകളിലും ഇതുണ്ട്. എങ്കിലും പ്ലാനറ്റ് എന്ന കമ്പനിയുടെ സ്റ്റിക്കറോ, വാറ്റ് തുക തിരികെ ലഭിക്കാന്‍ സംവിധാനമുണ്ട് എന്ന സ്റ്റിക്കറോ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. അല്ലെങ്കില്‍ കടക്കാരോടു ചോദിക്കുക.

പാസ്‌പോര്‍ട്ടും വീസ കോപ്പിയും കരുതണം. ഇതിലെ നമ്പര്‍ കടക്കാര്‍ രേഖപ്പെടുത്തും. സ്വര്‍ണക്കടയിലും മറ്റും ഇതിനായുള്ള പ്രത്യേക ഫോം കടക്കാര്‍ തന്നെ പൂരിപ്പിച്ചു തരും. സന്ദര്‍ശനത്തിനു പോകുന്നവരുടെ പേരില്‍ത്തന്നെ സാധനങ്ങള്‍ വാങ്ങണം.

തിരികെ പോകുമ്പോള്‍ വിമാനത്താവളത്തില്‍ വാറ്റ് റീഫണ്ട് കൗണ്ടര്‍ കണ്ടെത്തുക. മിക്കപ്പോഴും പ്രവേശന വാതിലിനു അടുത്ത് ഒന്നാം കൗണ്ടറില്‍ത്തന്നെയാവും. പാസ്‌പോര്‍ടും മറ്റ് ബില്ലുകളും ബാഗേജുമായി അവിടേക്ക് പോകുക. ചിലപ്പോള്‍ സാധനങ്ങള്‍ പരിശോധിക്കും.

തുടര്‍ന്ന് കൗണ്ടറില്‍ നിങ്ങളുടെ കൈവശമുള്ള വാറ്റ് രേഖയുടെയും മറ്റും ചിത്രമെടുക്കും. എമിഗ്രേഷന്‍ ക്ലിയറന്‍സിനു ശേഷം ട്രാവലെക്‌സ് കൗണ്ടറില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് പണം കൈപ്പറ്റാം. ഇതു രൂപയിലോ, ദിര്‍ഹത്തിലോ, ഡോളറിലോ ആയിരിക്കും. ബാങ്ക് അക്കൗണ്ടിലേക്കു പണം ഇടുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും.

വാറ്റ് തുക നല്‍കിയ എല്ലാ സാധനങ്ങളുടെയും തുക മടക്കിക്കിട്ടുമെങ്കിലും ആഹാര സാധനങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അവ പകുതി ഉപയോഗിച്ചതോ, രൂപം മാറിയതോ ഒക്കെ ആയാല്‍ തുകയ്ക്ക് അര്‍ഹതയില്ല. വില കൂടിയ ചോക്ലേറ്റും മറ്റും വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Trending News