ദുബായ്: 40 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാന്‍ മാമോഗ്രാം നിര്‍ബന്ധമാക്കി യുഎഇ. ക്യാന്‍സറുമായി ബന്ധപ്പെട്ടുളള പരിശോധനകള്‍ക്കും മറ്റ് ബോധവത്കരണ പരിപാടികള്‍ക്കും പ്രചാരം കൂട്ടി വരുന്നതിന്‍റെ ഭാഗമായാണ് ഇത്.
ഫ്രണ്ട്‌സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്‌റ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. സ്വാസന്‍ മാഹ്ദിയാണ് ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് ഇറക്കിയത്. ക്യാന്‍സറിനെതിരെ മിഡില്‍ ഇസ്റ്റിലുള്ള യുദ്ധം എന്ന ചടങ്ങുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അവര്‍. സ്തനാര്‍ബുദ നിര്‍ണയം നടത്തിയതില്‍ ഏറ്റവും കുറഞ്ഞ പ്രായമുള്ള ആള്‍ പതിനെട്ട് വയസുമാത്രമുള്ള പെണ്‍കുട്ടിയാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നും ഡോ. സ്വാസന്‍ പറഞ്ഞു.
എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ക്യാന്‍സര്‍ രോഗ നിര്‍ണയത്തിനായി ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളെക്കാള്‍ കുറഞ്ഞ നിരക്കാണ് ഇവിടെ രോഗനിര്‍ണയത്തിനായി ഈടാക്കുന്നത്.
രാജ്യത്ത് ജനസംഖ്യ കൂടുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് യുവ ജനതയുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ക്യാന്‍സര്‍ ബോധവത്കരണം ശക്തമാക്കാനാണ് ശ്രമമെന്നും അധികൃതര്‍ അറിയിച്ചു.