കേരള പുനര്‍നിര്‍മ്മാണം: മുഖ്യമന്ത്രി യുഎഇയിലെത്തി

രാവിലെ ഏഴു മണിയോടെ ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ ഇറങ്ങിയ മുഖ്യമന്ത്രിയെ നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി. നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.  

Last Updated : Oct 17, 2018, 03:18 PM IST
കേരള പുനര്‍നിര്‍മ്മാണം: മുഖ്യമന്ത്രി യുഎഇയിലെത്തി

ദുബായ്: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ കാഴ്ചപ്പാടുകള്‍ പ്രവാസികളുമായി പങ്കുവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യുഎഇയിലെത്തി. 

രാവിലെ ഏഴു മണിയോടെ ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ ഇറങ്ങിയ മുഖ്യമന്ത്രിയെ നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി. നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് പ്രവാസി മലയാളികളുടെ സഹകരണം തേടുക എന്നതാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. ഇന്ന് വൈകിട്ട് ദൂസിത് താനി ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് പ്രഫഷണല്‍ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായ പ്രമുഖരുമായി സംവദിക്കും. 

വ്യാഴാഴ്ച വൈകിട്ട് എട്ടുമണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാന്‍ ബിന്‍ മുബാറക് അല്‍ നഹിയാന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. 

വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച ഷാര്‍ജയിലും ആണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍. 19ന് ദുബായില്‍ എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ ഐബിപിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിസിനസ് മീറ്റിംഗിലും തുടര്‍ന്ന് വൈകിട്ട് 7മണിക്ക് ദുബായ് അല്‍നാസര്‍ ലെഷര്‍ ലാന്‍ഡില്‍ ഒരുക്കുന്ന പൊതുപരിപാടിയിലും സംബന്ധിക്കും. 

ഇന്നും നാളെയുമാണ് അബുദബിയിലെ പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിക്കുക. ഷാര്‍ജയില്‍ 20 ന് കാലത്ത് 11 മുതല്‍ ഒരുമണിവരെ നടക്കുന്ന ബിസിനസ് മീറ്റിംഗിലും, വൈകീട്ട് 7.30 ന് ഷാര്‍ജ ഗോള്‍ഫ് ഷൂട്ടിംഗ് ക്ലബ്ബില്‍ നടക്കുന്ന പൗരസ്വീകരണത്തിലും മുഖ്യമന്ത്രി സംബന്ധിക്കും.

Trending News