റോഡപകടങ്ങള്‍ ഉണ്ടാക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍തന്നെ

  

Updated: May 15, 2018, 01:45 PM IST
റോഡപകടങ്ങള്‍ ഉണ്ടാക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍തന്നെ

ദുബായ്: ഏറ്റവുമധികം റോഡപകടങ്ങള്‍ സംഭവിക്കുന്ന മാസമായ റംസാന്‍ മാസത്തില്‍ അപകടങ്ങളുണ്ടാക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യക്കാരാണ്. റോഡ് സേഫ്റ്റി യു.എ.ഇ. നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

2017-ലെ റംസാന്‍ മാസത്തില്‍ ലഭിച്ച 1651 ഇന്‍ഷുറന്‍സ്‌ ക്ലെയിമുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 40 വയസ്സിന് മുകളിലുള്ളവരാണ് ഭൂരിഭാഗം വാഹനാപകടങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നതെന്നും കൂടുതല്‍ അപകടങ്ങള്‍ നടന്നിരിക്കുന്നത് രാവിലത്തെ തിരക്കുള്ള സമയത്താണെന്നും പഠനത്തില്‍ കണ്ടെത്തി.  

കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് മിക്ക അപകടങ്ങളുമുണ്ടായിരിക്കുന്നത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയ അപകടങ്ങളില്‍ 47 ശതമാനത്തില്‍ ഇന്ത്യക്കാരും 14 ശതമാനം അപകടങ്ങളില്‍ ഇമറാത്തികളും 12 ശതമാനം അപകടങ്ങളില്‍ പാകിസ്ഥാന്‍കാരുമാണ്‌.

റംസാനില്‍ ഡ്രൈവിങ് രീതികള്‍ മാറുന്നത് സാധാരണമായ കാഴ്ചയാണ്. പ്രവര്‍ത്തി സമയം മാറുന്നതിനാല്‍ രാവിലെ വൈകി പുറപ്പെടുന്നത് അതിവേഗത്തിനും അശ്രദ്ധയ്ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും ഇതാണ് രാവിലെ അപകടങ്ങളുടെ എണ്ണം കൂടാന്‍ കാരണമെന്നും റോഡ്‌സേഫ്റ്റി യു.എ.ഇ. എം.ഡി. തോമസ് എഡെല്‍മാന്‍ പറഞ്ഞു.  നോമ്പിന്‍റെ ക്ഷീണം ഡ്രൈവിങ്ങിനെ ബാധിക്കാതിരിക്കാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോമ്പുതുറയ്ക്ക് മുന്‍പുള്ള സമയം റോഡിലിറങ്ങുന്നത് ഒഴിവാക്കുക, അല്ലെങ്കില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുക. ക്ഷീണം തോന്നുന്നുവെങ്കില്‍ വണ്ടി വശത്തേക്ക് മാറ്റിയിട്ട് വിശ്രമിക്കുക. കഴിവതും റംസാന്‍ മാസത്തില്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കുക. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുകയെന്നീനിര്‍ദേശങ്ങളും പഠനത്തോട് അനുബന്ധിച്ച് നല്‍കി.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close