ഖത്തറിന്‍റെ നിറം മങ്ങുന്നു; സമ്പന്നരാജ്യമെന്ന ഖ്യാതി മക്കാവുവിന്

ജനസംഖ്യ കുറവും വരുമാനം കൂടുതലുമാണ് ഖത്തറിന് ആളോഹരി വരുമാനം കൂടുതലുള്ള രാജ്യമാക്കി മാറ്റിയിരുന്നത്. എന്നാല്‍ അടുത്തിടെ ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ചുമത്തിയ ഉപരോധമാണ് ആ രാജ്യത്തിന് തിരിച്ചടിയായത്.

Last Updated : Aug 12, 2018, 03:08 PM IST
ഖത്തറിന്‍റെ നിറം മങ്ങുന്നു; സമ്പന്നരാജ്യമെന്ന ഖ്യാതി മക്കാവുവിന്

ദോഹ: ലോകത്തെ ഏറ്റവും സമ്പന്നരാജ്യമെന്ന ഖ്യാതി ഖത്തറിന് നഷ്ടമാകുന്നു. ഖത്തറിന് ക്ഷീണം സംഭവിക്കുന്നുവെന്നും രാജ്യത്തെ പിന്നിലാക്കി മക്കാവു മുന്നേറുന്നുവെന്നുമാണ് അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജനസംഖ്യ കുറവും വരുമാനം കൂടുതലുമാണ് ഖത്തറിന് ആളോഹരി വരുമാനം കൂടുതലുള്ള രാജ്യമാക്കി മാറ്റിയിരുന്നത്. എന്നാല്‍ അടുത്തിടെ ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ചുമത്തിയ ഉപരോധമാണ് ആ രാജ്യത്തിന് തിരിച്ചടിയായത്. 

കര-വ്യോമ-നാവിക ഉപരോധം നേരിടുന്ന ഖത്തര്‍, തന്ത്രപരമായ നീക്കത്തിലൂടെ മുന്നേറ്റത്തിന് ശ്രമിക്കുകയാണ്. ഇറാന്‍, തുര്‍ക്കി, യൂറോപ്പ്, ഏഷ്യ എന്നീ മേഖലയിലെ രാജ്യങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ടുള്ള പ്രയാണം. അതിനിടെയാണ് ഐഎംഎഫിന്‍റെ റിപ്പോര്‍ട്ട്.

ഗള്‍ഫിലെ കൊച്ചുരാജ്യമാണെങ്കിലും പല കാര്യങ്ങളിലും ലോകത്തിന്‍റെ നെറുകയിലാണ് ഖത്തര്‍. ഖത്തറിന്‍റെ കൈവശമുള്ള വാതക ശേഖരമാണ് അവരെ സമ്പത്തില്‍ മുന്നിലെത്തിച്ചത്. 

ഖത്തറിന്‍റെ വളര്‍ച്ചയില്‍ ഇടിവ് സംഭവിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച ഐഎംഎഫ്, 2020ഓടെ ചൈനയുടെ നിയന്ത്രണത്തിലുള്ള മക്കാവു ലോകത്തെ ഏറ്റവും സമ്പന്നരാജ്യമായി മാറുമെന്നും സൂചിപ്പിക്കുന്നു.

Trending News