ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം നാളെ മുതല്‍

  

Updated: May 16, 2018, 11:35 AM IST
ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം നാളെ മുതല്‍

ഗള്‍ഫ്‌: ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം നാളെ തുടങ്ങും. രാജ്യത്തെവിടെയും മാസപ്പിറവി കാണാത്തതിനാല്‍ സൗദി സുപ്രീം കോടതി ഇന്ന് ശഅ്ബാന്‍ മുപ്പതായി പ്രഖ്യാപിക്കുകയായിരുന്നു.

മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി ഉള്‍പ്പെടെ പള്ളികളെല്ലാം വിശ്വാസികളെ സ്വീക്കരിക്കാനൊരുങ്ങിക്കഴിഞ്ഞു. ഇരു ഹറമുകളും വിശ്വാസികളുടെയും തീര്‍ഥാടകരുടേയും രാവുംപകലുമെന്നില്ലാത്ത കുത്തൊഴുക്കിന് സാക്ഷ്യം വഹിക്കുകയാണ്. ഇവര്‍ക്ക് പ്രാര്‍ഥനക്കും ഇഫ്താറിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇഅ്തിഖാഫിനായി ഇരു ഹറമുകളിലേക്കുമുള്ള രജിസ്‌ട്രേഷന്‍ അന്തിമ ഘട്ടത്തിലാണ്. പകല്‍ ദൈര്‍ഘ്യമേറുന്നതിനൊപ്പം 40 ഡിഗ്രിക്ക് മേലെയാകും അറബ് രാജ്യങ്ങളില്‍ റമദാനിലെ ചൂട്. കൊടും ചൂടിലും ആത്മ സംസ്‌കരണത്തിന്‍റെ കുളിരേറ്റുവാങ്ങാന്‍ കാത്തിരിപ്പിലാണ് വിശ്വാസികള്‍.

ഇതിനിടയില്‍ റംസാന്‍ മാസാചരണത്തിന്‍റെ ഭാഗമായി ദുബായില്‍ 700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ഇതോടെ കുടുംബവുമായി ഒത്തു ചേരാനും പുതുജീവിതം നയിക്കാനും മോചിതരാകുന്ന തടവുകാര്‍ക്ക് അവസരം ലഭിക്കും. തടവുകാരെ മോചിപ്പിക്കാനുള്ള നിയമ നടപടികള്‍ ദുബായ് പൊലീസുമായി ചേര്‍ന്ന് തുടങ്ങിയതായി ദുബായ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.