സൗദിയില്‍ വാഹനങ്ങളുടെ പരമാവധി വേഗത കൂട്ടാൻ തീരുമാനം

   

Updated: Dec 5, 2017, 03:39 PM IST
സൗദിയില്‍ വാഹനങ്ങളുടെ പരമാവധി വേഗത കൂട്ടാൻ തീരുമാനം

റിയാദ്: സൗദിയില്‍ വാഹനങ്ങളുടെ പരമാവധി വേഗത കൂട്ടാൻ തീരുമാനം. ഇനി മുതല്‍ മണിക്കൂറില്‍ നൂറ്റി നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ വാഹനമോടിക്കാം. മണിക്കൂറില്‍ നൂറ്റിയിരുപത് കിലോമാറ്റര്‍ ആണ് നിലവില്‍  അനുവദിക്കപ്പെട്ടിരുന്ന വേഗത. ഇത് നൂറ്റി നാല്‍പ്പത് കിലോമീറ്റര്‍ ആക്കാനാണ് പുതിയ തീരുമാനം. 

ഇതുസംബന്ധമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഗതാഗത മന്ത്രാലയം ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹൈവേകളില്‍ ഓരോ പത്ത് കിലോമീറ്റര്‍ ഇടവിട്ട്‌ പുതിയ സ്പീഡ് ലിമിറ്റ് രേഖപ്പെടുത്തിയ ബോഡ് സ്ഥാപിക്കാനും മന്ത്രാലയം നിര്‍ദേശിച്ചു. റിയാദ് തായിഫ് ഹൈവേയിലും ഖസീം ദമാം റോഡിലും ആദ്യഘട്ടത്തില്‍ ഇത് നടപ്പിലാക്കാനാണ് നീക്കം. വാഹനാപകടങ്ങള്‍ കുറയ്ക്കാനും, ഹൈവേകളില്‍ വാഹനങ്ങള്‍ക്ക് സുരക്ഷിതമായ വേഗത നിജപ്പെടുത്താനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചത് പ്രകാരമാണ് ഈ മാറ്റം. ഇതിനു പുറമേ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴ ഈയടുത്ത് വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന റോഡ്‌ വികസനം ട്രാഫിക് സിസ്റ്റത്തിന്‍റെ പരിഷ്കരണം എന്നിവ പൂര്‍ത്തിയായാല്‍ പല ഹൈവേകളും മണിക്കൂറില്‍ നൂറ്റി നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ വാഹനമോടിക്കാന്‍ പ്രാപ്തമാകുമെന്നാണ് പ്രതീക്ഷ.