തൊഴില്‍ വിസ പുതുക്കാത്ത വിദേശികള്‍ക്ക് മുന്നറിയിപ്പുമായി സൗദി

  

Updated: Jan 11, 2018, 02:48 PM IST
 തൊഴില്‍ വിസ പുതുക്കാത്ത വിദേശികള്‍ക്ക് മുന്നറിയിപ്പുമായി സൗദി

സൗദി: തൊഴില്‍ വിസ പുതുക്കാത്ത വിദേശികള്‍ക്ക് മുന്നറിയിപ്പുമായി സൗദി. താമസരേഖയായ ഇഖാമ, കാലാവധി തീരുന്നതിനു മുമ്പ് പുതുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി പാസ്പോര്‍ട്ട്‌ വിഭാഗം വിദേശ തൊഴിലാളികളെ ഓര്‍മിപ്പിച്ചു. ഇഖാമ പുതുക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ ആദ്യഘട്ടത്തില്‍ അഞ്ഞൂറ് റിയാല്‍ പിഴ ഈടാക്കും. രണ്ടാമത്തെ തവണ ആയിരം റിയാല്‍ ആയിരിക്കും പിഴ. മൂന്നാമതും പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാല്‍ പിഴയും നാടു കടത്തലുമായിരിക്കും ശിക്ഷയെന്ന് പാസ്പോര്‍ട്ട്‌ വിഭാഗം അറിയിച്ചു.

അതേസമയം കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ താമസ തൊഴില്‍ നിയമലംഘകരായ 361,370 വിദേശികള്‍ പിടിയിലായതായി പൊതുസുരക്ഷാ വിഭാഗം വെളിപ്പെടുത്തി. നിയമവിരുദ്ധമായി സൗദിയിലേക്ക് കടക്കുന്നതിനിടെ അതിര്‍ത്തികളില്‍ വെച്ചാണ് 4,758 പേര്‍ പിടിയിലായത്. ഇതില്‍ എഴുപത്തിയാറു ശതമാനം യമനികളും ഇരുപത്തിരണ്ട് ശതമാനം എത്യോപ്യക്കാരും ആണ്. 78,135 നിയമലംഘകരെ ഇതിനകം നാടു കടത്തിയതായും സുരക്ഷാ വിഭാഗം അറിയിച്ചു. 14,868 പേരെ ഉടന്‍ നാടു കടത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.   ഇതില്‍  2,528 പേര്‍ സ്ത്രീകളാണ്. യാത്രാ രേഖകള്‍ ശരിയാക്കാന്‍ 58,076  നിയമലംഘകരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് കൈമാറി. 122 സ്വദേശികള്‍ ഉള്‍പ്പെടെ നിയമലംഘകര്‍ക്ക് സഹായം നല്‍കിയ 745 പേരും പിടിയിലായി. ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, വാണിജ്യ നിക്ഷേപ മന്ത്രാലയം തുടങ്ങിയവ സംയുക്തമായാണ് നിയമലംഘകര്‍ക്കായി പരിശോധന നടത്തുന്നത്.