സൗദി: സ്വകാര്യ ടാക്‌സികള്‍ക്ക് നിയന്ത്രണം

സൗദിയില്‍ സ്വദേശിവത്കരണം പല പല മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുകയാണ്. വിദേശികള്‍ കൂടുതലായും ജോലി ചെയ്തിരുന്ന പല മേഖലകളിലും സ്വദേശികള്‍ ആധിപധ്യം ഉറപ്പിച്ചുകഴിഞ്ഞു. പൊതുവേ ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സ്വദേശികള്‍ തത്പരരായിരുന്നില്ല. പക്ഷെ ഇന്ന് കഥ മാറി.

Updated: Sep 12, 2017, 05:25 PM IST
സൗദി: സ്വകാര്യ ടാക്‌സികള്‍ക്ക് നിയന്ത്രണം

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം പല പല മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുകയാണ്. വിദേശികള്‍ കൂടുതലായും ജോലി ചെയ്തിരുന്ന പല മേഖലകളിലും സ്വദേശികള്‍ ആധിപധ്യം ഉറപ്പിച്ചുകഴിഞ്ഞു. പൊതുവേ ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സ്വദേശികള്‍ തത്പരരായിരുന്നില്ല. പക്ഷെ ഇന്ന് കഥ മാറി.

സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ വിജയകരമായി സ്വദേശിവത്കരണം നടപ്പാക്കാന്‍ കഴിഞ്ഞു എന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വ്യക്തമാക്കി. 

സൗദിയില്‍ സ്വകാര്യ ടാക്‌സികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമാണ് ഇത്.  ഇതിന്‍റെ മുന്നോടിയായി സ്വകാര്യ ടാക്‌സികള്‍ക്ക് അനുമതി നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കുകയാണ്. ടാക്‌സി സേവന രംഗത്തെ പരാതികള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നത്. പല നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.

പുതിയ സ്വകാര്യ ടാക്‌സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തി വെച്ചതായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ സേവന നിരക്ക് പ്രസിദ്ധീകരിക്കണം. നിരക്ക് പ്രാബല്യത്തില്‍ വരുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന് മുമ്പ് അതോറിറ്റിയുടെ അംഗീകാരം വാങ്ങണം. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ മുന്‍‌കൂര്‍ അനുമതി ഇല്ലാതെ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പരസ്യപ്പെടുത്താന്‍ പാടില്ല.

ജോലിക്കാരെ ആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യങ്ങള്‍ക്കും അനുമതി വാങ്ങണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മേധാവി റുമി ബിന്‍ മുഹമ്മദ്‌ അല്‍ റുമൈഹ് നിര്‍ദേശിച്ചു. റേഡിയോ, അച്ചടി മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയിലെല്ലാം അനുമതി ഇല്ലാതെ കമ്പനികള്‍ പരസ്യം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് ഉടനടി റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഡോ. റുമൈഹ് ബിന്‍ മുഹമ്മദ് അല്‍ റുമൈഹിന്‍റെ അഭിപ്രായത്തില്‍ ഗതാഗതരംഗത്ത് കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ഇതോടെ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയും. ഓണ്‍ലൈന്‍ ടാക്‌സി ക്കമ്പനികളുടെ പ്രവര്‍ത്തനം എളുപ്പമാക്കും. കമ്പനികളുടെ സേവന നിലവാരം നിരീക്ഷിക്കുന്നതിന് 'വസല്‍' എന്നപേരില്‍ ഇ-പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഡ്രൈവര്‍മാരെയും അവരുടെ വാഹനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.