സൗദി: നിയമലംഘകര്‍ക്കായുള്ള പരിശോധന താമസ സ്ഥലങ്ങളിലേക്കും

സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. പൊതുമാപ്പിന് ശേഷം ആരംഭിച്ച പരിശോധനയുടെ റിപ്പോര്‍ട്ട് ആണ് ഇത്. ഇതില്‍ മലയാളികളടക്കം നാല്‍പതിനായിരത്തോളം ഇന്ത്യക്കാരും പിടിയിലായിട്ടുണ്ട്. തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായവരാണ് ഇവരില്‍ മിക്കവരും.

Updated: Dec 7, 2017, 06:51 PM IST
സൗദി: നിയമലംഘകര്‍ക്കായുള്ള പരിശോധന താമസ സ്ഥലങ്ങളിലേക്കും

ജിദ്ദ: സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. പൊതുമാപ്പിന് ശേഷം ആരംഭിച്ച പരിശോധനയുടെ റിപ്പോര്‍ട്ട് ആണ് ഇത്. ഇതില്‍ മലയാളികളടക്കം നാല്‍പതിനായിരത്തോളം ഇന്ത്യക്കാരും പിടിയിലായിട്ടുണ്ട്. തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായവരാണ് ഇവരില്‍ മിക്കവരും.

പരിശോധനയുടെ ഭാഗമായി വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന നടത്തുന്നതിന് നഗരസഭകള്‍ക്ക് മുനിസിപ്പല്‍ മന്ത്രാലയം അനുമതി നല്‍കി. വിവിധ സിവില്‍ ഡിഫന്‍സുമായി സഹകരിച്ചാണ് തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നത്. 

ഇതിനു പുറമെ താമസ സ്ഥലങ്ങളില്‍ നിയമ വിരുദ്ധമായി സ്ഥാപിച്ച ഷെഡുകള്‍ നഗരസഭ നീക്കം ചെയ്യും. താമസസ്ഥലങ്ങളിലെ ആരോഗ്യ വ്യവസ്ഥകളും നടപ്പിലാക്കിയോ എന്ന് സംഘം പരിശോധിക്കും.

ജനവാസ കേന്ദ്രങ്ങളിലുള്ള തൊഴിലാളികളുടെ ജീവിത സാഹചര്യം പരിശോധിക്കുകയാണ് മന്ത്രാലയത്തിന്‍റെ ലക്ഷ്യം. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിശോധകസംഘം ഉറപ്പു വരുത്തും. തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ക്ക് ബാധകമായ ആരോഗ്യ വ്യവസ്ഥകള്‍ തയ്യാറായിട്ടുണ്ട്. 

മുനിസിപ്പല്‍ മന്ത്രാലയം ആരോഗ്യ തൊഴില്‍ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് തയ്യാറാക്കിയതാണ് ഇത്. സിവില്‍ ഡിഫന്‍സുമായി സഹകരിച്ചാകും ബലദിയ പരിശോധന നടത്തുക. താമസ സ്ഥലങ്ങളില്‍ നിയമ വിരുദ്ധ നിര്‍മാണങ്ങള്‍ നീക്കം ചെയ്യണം. തീപിടുത്തം പോലുള്ള അപകടങ്ങള്‍ ഇല്ലാതാക്കാനാണ് ഇത്.

ആശ്രിത വിസയിലെത്തി ജോലി ചെയ്ത് പിടിയിലായവരും ഇവരിലുണ്ട്. കാല്‍ലക്ഷത്തോളം വിദേശികളെ ഇതിനകം നാടു കടത്തി. ഇവര്‍ക്കിനി സൗദിയിലേക്ക് മടങ്ങിവരാനാകില്ല. നാടുകടത്തല്‍ നടപടിക്കായി പതിനേഴായിരം പേരെ വിവിധ എംബസികള്‍ക്ക് കൈമാറിയിട്ടുണ്ട്.