ഫുട്‌ബോള്‍ ഗ്യാലറിയില്‍ പെണ്‍സ്വരങ്ങളും; ചരിത്രമുഹൂര്‍ത്തം കുറിച്ച് സൗദി സ്റ്റേഡിയം

  

Updated: Jan 13, 2018, 10:49 AM IST
ഫുട്‌ബോള്‍ ഗ്യാലറിയില്‍ പെണ്‍സ്വരങ്ങളും; ചരിത്രമുഹൂര്‍ത്തം കുറിച്ച് സൗദി സ്റ്റേഡിയം
Courtesy: ANI

റിയാദ്: കറുത്ത മൂടുപടത്താല്‍ മുഖവും മനസ്സും മറച്ചിരുന്ന പെണ്‍സ്വരങ്ങള്‍ ആര്‍ത്തുല്ലസിക്കുന്നത് ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ചരിത്രമുഹൂര്‍ത്തമായിരുന്നു. അല്‍ അഹ്‌ലിയും അല്‍ ബാത്തും ഏറ്റുമുട്ടിയപ്പോള്‍ സൗദി വനിതകള്‍ ആദ്യമായി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ സന്തോഷത്തിലായിരുന്നു ഗാലറി. 

നിരവധി വനിതകളാണ് ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ സ്റ്റേഡിയത്തില്‍ എത്തിയത്.  ഡ്രൈവിംഗിനുള്ള അവസരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ മത്സരം വീക്ഷിക്കാനുള്ള അവസരം സൗദി വനിതകള്‍ക്ക് ലഭിച്ചത്. പല വനിതകളും കുടുംബാംഗങ്ങള്‍ക്ക് ഒപ്പമാണ് മത്സരം വീക്ഷിക്കാന്‍ എത്തിയത്. സ്റ്റേഡിയത്തില്‍ അവര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരുന്നു. വനിതകള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന മുറിയും വിശ്രമ സ്ഥലവും പ്രത്യേക പാര്‍ക്കിംഗ് സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു.

ജനുവരി18നു ദമാമില്‍ നടക്കുന്ന മത്സരങ്ങളിലും വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മറ്റു നഗരങ്ങളില്‍ മത്സരം കാണാന്‍ പോകുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് സൗദി എയര്‍ലൈന്‍സ് സൗജന്യ ടിക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്.  സൗദി ദേശീയ ദിനം പ്രമാണിച്ച് സെപ്റ്റംബറില്‍ റിയാദിലെ സ്റ്റേഡിയം സന്ദര്‍ശിക്കാന്‍ വനിതകള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും മത്സരം വീക്ഷിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. വനിതകള്‍ക്ക് ജൂണ്‍ മുതല്‍ വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാനും അനുമതിയുണ്ടാവും.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close