യുഎഇയില്‍ പൊതുമാപ്പ് നീട്ടി

മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായാണ് യുഎഇ പൊതു മാപ്പ് പ്രഖ്യാപിച്ചത്.  

Updated: Dec 3, 2018, 04:41 PM IST
യുഎഇയില്‍ പൊതുമാപ്പ് നീട്ടി

യുഎഇയില്‍ പൊതുമാപ്പ് നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ രാജ്യം വിടാം. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്‍റെ ഈ തീരുമാനം.

മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായാണ് യുഎഇ പൊതു മാപ്പ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്നു മാസമാണ് പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത്. പിന്നീട് ഒരു മാസം കൂടി കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു.

ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നു. 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു. 

ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരുമാസം കൂടി നീട്ടി. നവംബര്‍ അവസാനം ഈ കാലാവധിയും അവസാനിച്ചു. ഇതിന് ശേഷമാണ് ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം കൂടി ഇപ്പോള്‍ കാലാവധി നീട്ടിയത്.

നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് പൊതുമാപ്പ്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിട്ടവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ട്. 

ഇതുകൂടാതെ രേഖകൾ നിയമവിധേയമാക്കി പുതിയ ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഉണ്ടാകും. 

കഴിഞ്ഞ പൊതുമാപ്പ് കാലാവധിക്ക് ശേഷം നടത്തിയ പരിശോധനയിൽ പന്ത്രണ്ടായിരത്തിലേറെ പേർ പിടിയിലായിരുന്നു. കനത്ത പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള നിയമനടപടികളുമാണ് ഇവർക്ക് നേരിടേണ്ടി വന്നത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close