വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിസാ സേവനങ്ങള്‍ ഇനി എളുപ്പം!

യുഎഇ വിസ നിയമത്തില്‍ വരുത്തിയ സമഗ്രമായ മാറ്റങ്ങള്‍ ഒക്ടോബര്‍ 21 ഞായറാഴ്ച മുതലാണ് നിലവില്‍ വന്നത്.

Last Updated : Oct 25, 2018, 12:05 PM IST
വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിസാ സേവനങ്ങള്‍ ഇനി എളുപ്പം!

വിധവകളുടെയും വിവാഹമോചിതരുടെയും വിസാ സേവനങ്ങള്‍ക്കായ് പ്രത്യേക വകുപ്പ് സജ്ജമാക്കി ദുബായ്. യുഎഇയിലെ പുതിയ വിസാ നിയമപ്രകാരമാണ് നടപടി. 

ഇതിനായി ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ജിഡിആര്‍എഫ്‌എ ഓഫീസില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് എമിഗ്രേഷന്‍ അധിക്യതര്‍ അറിയിച്ചു. 

ഇത്തരക്കാരുടെ വിസ നടപടികള്‍ വേഗത്തില്‍ കൈകാര്യം ചെയ്യുവാന്‍ വേണ്ടി 12 സ്ത്രീ ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്ടിക്കും.

രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള സമയങ്ങളിലാണ് ഇവര്‍ക്ക് മാത്രമായുള്ള സേവനങ്ങള്‍ ഇവിടെ നിന്ന് ലഭ്യമാവുക. 

ബാങ്ക്, ടൈപിംഗ് സെന്‍റര്‍ അടക്കം 12 കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന  ഇത്തരക്കാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 

അവര്‍ക്ക് അവശ്യമായ എല്ലാം സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഓഫീസില്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭിക്കുക.

വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും അവരുടെ വിസ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ദുബായ് എമിറേറ്റ്സിലെ ഏക ഓഫീസ് ഇതായിരിക്കും. 

യുഎഇ വിസ നിയമത്തില്‍ വരുത്തിയ സമഗ്രമായ മാറ്റങ്ങള്‍ ഒക്ടോബര്‍ 21 ഞായറാഴ്ച മുതലാണ് നിലവില്‍ വന്നത്.

പുതിയ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കും സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ ഒരു വര്‍ഷത്തേക്കുള്ള താമസ വിസയാണ് അനുവദിച്ചു കിട്ടുക. 

പങ്കാളിയുടെ മരണത്തിന്‍റെയോ വിവാഹബന്ധം വേര്‍പെടുത്തിയതിന്‍റെയോ അന്നുമുതല്‍ ഒരു വര്‍ഷക്കാലമാണ് അനുമതി. യു.എ.ഇ.യിലുള്ള അവരുടെ കുട്ടികള്‍ക്കും ആനുകൂല്യം ലഭ്യമാണ്. 

സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പദവി നിലനിര്‍ത്താന്‍ സഹായകരമായ രീതിയിലാണ് നടപടിക്രമങ്ങള്‍ ഉള്ളതെന്ന് ദുബായ് എമിഗ്രേഷന്‍ അധിക്യതര്‍ വ്യക്തമാക്കി.

വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും നിലവിലെ വിസ റദ്ദ് ചെയ്യാനും പുതിയ ഒരു വര്‍ഷത്തെ താമസ വിസയ്ക്ക് അപേക്ഷിക്കാനും 100 ദിര്‍ഹം വീതമാണ് ഫീസ്.

അപേക്ഷകരായ വിധവകളും വിവാഹമോചിതരായ സ്ത്രീ അപേക്ഷകരും, കുട്ടികളും ഭര്‍ത്താവിന്‍റെ മരണസമയത്ത് അവരുടെ സ്‌പോണ്‌സര്‍ഷിപ്പിലായിരിക്കണം. മാത്രമല്ല വിസാ കാലാവധി കഴിയാനും പാടില്ല.

സാധാരണ വിസ നടപടികള്‍ അവിശ്യമായ രേഖകള്‍ക്ക് പുറമേ വിവാഹമോചനം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖ, അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ മാതാവാണെന്ന് തെളിയിക്കുന്ന രേഖ, എമിറേറ്റ്സ് ഐ ഡി ,കൂടാതെ 18 വയസിന് മുകളിലുള്ള മാതാവിനും കുട്ടികള്‍ക്കും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, വാടക കരാര്‍ എന്നിവ വിസ നടപടികള്‍ക്ക് ആവശ്യമാണ്.
 

Trending News