ലോകത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ പാലം!

മുപ്പത്തിയാറു കിലോമീറ്ററാണ്  പാലത്തിന്‍റെ ദൈര്‍ഘ്യം. ഇതില്‍ ഇരുപത്തിയെട്ടു കിലോമീറ്ററും കടലിനു മുകളിലൂടെയാണ്. 

Last Updated : Dec 6, 2018, 05:03 PM IST
ലോകത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ പാലം!

കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ പാലമായ ഷെയ്ഖ് ജാബര്‍ ബ്രിഡ്ജ് ഫെബ്രുവരിയില്‍ രാജ്യത്തിന് സമര്‍പ്പിക്കും. 

ഫെബ്രുവരിയിലെ ദേശീയവിമോചന ദിന ആഘോഷങ്ങളുടെ ഭാഗമായാണ് കുവൈറ്റിന്‍റെ സ്വപ്നപദ്ധതികളിലൊന്നായ ബ്രിഡ്ജ് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.

റോഡ് ട്രാന്‍സ്‌പോര്‍ട് ഡയറക്ടര്‍ ജനറല്‍ സഹീ അശ്കനാനിയാണ് ഇത് സംബന്ധിച്ച വിവര൦ പുറത്തു വിട്ടത്. 

പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുമ്പോള്‍ ചുങ്കം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കുവൈറ്റ് സിറ്റിയില്‍ നിന്നും 102 കിലോമീറ്റര്‍ അകലമുള്ള സുബിയ നഗരത്തെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.എന്നാല്‍ പാലം യാഥാര്‍ഥ്യമാകുന്നതോടു കൂടി ഇരുപത് മിനിറ്റ് കൊണ്ട് കുവൈറ്റ് സിറ്റിയില്‍ നിന്നും സുബിയയില്‍ എത്താന്‍ സാധിക്കും. 

 മുപ്പത്തിയാറു കിലോമീറ്ററാണ്  പാലത്തിന്‍റെ ദൈര്‍ഘ്യം. ഇതില്‍ ഇരുപത്തിയെട്ടു കിലോമീറ്ററും കടലിനു മുകളിലൂടെയാണ്. 

പാലം കടന്ന് പോകുന്ന വഴിയില്‍ 3 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള രണ്ട് കൃത്രിമ ദ്വീപുകളുമുണ്ടാക്കാനും വിനോദ സഞ്ചാര കേന്ദ്രമാക്കിയെടുക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

അന്തരിച്ച മുന്‍ അമീര്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ സ്മരണാര്‍ത്ഥം നിര്‍മ്മാണം പുരോഗമിക്കുന്ന മേഖലയിലെ തന്നെ ഏറ്റവു നീളമേറിയ കടല്‍പ്പാലവും ഹൈവേയും അടങ്ങുന്നതാണ് ഷെയ്ഖ് ജാബിര്‍ പ്രൊജക്റ്റ്. 

ഇതോടെ ഈ മേഖലകളിലെ പ്രാദേശിക റോഡുകളില്‍  അനുഭവപ്പെടുന്ന തിരക്ക് കുറയുകയും , കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ സാധിക്കുകയും  ചെയ്യും.

ഇരു വശങ്ങളിലും മൂന്ന് വരി ഗതാഗത സംവിധാനവും ഒരു എമര്‍ജന്‍സി ലൈനുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 

Trending News