അന്താരാഷ്ട്ര ക്രിക്കറ്റിനോട്‌ വിടപറയാനൊരുങ്ങി ആശിഷ് നെഹ്‌റ

Updated: Oct 12, 2017, 04:07 PM IST
അന്താരാഷ്ട്ര ക്രിക്കറ്റിനോട്‌ വിടപറയാനൊരുങ്ങി ആശിഷ്  നെഹ്‌റ

ഇന്ത്യയുടെ സൂപ്പര്‍ താരം ആശിഷ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റിനോട്‌ വിടപറയാനൊരുങ്ങുന്നു. നവംബര്‍ ഒന്നിന് ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-ട്വന്റി മത്സരത്തിന് ശേഷമാണ്  നെഹ്‌റ വിടപറയുന്നത്. മുംബൈ മിറര്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

38കാരനായ ആശിഷ് നെഹ്‌റ വിരമിക്കലിനെകുറിച്ച് നായകന്‍ വിരാട് കൊഹ്‌ലിയോടും, കോച്ച് രവി ശാസ്ത്രിയോടും സൂചിപ്പിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ തിരക്ക് കാരണം 2018ല്‍ നടക്കേണ്ട ട്വന്റി-ട്വന്റി ലോകകപ്പ് 2020ലേക്ക് ഐസിസിഐ മാറ്റിയതോടെ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാനാണ് നെഹ്റ വിരമിക്കുന്നത്. 

പരിക്ക് മൂലം ദേശീയ ടീമില്‍ വന്നും പോയുമിരുന്ന നെഹ്‌റ 18 വര്‍ഷം മുമ്പ് നായകന്‍ മുഹമ്മദ്‌ അസ്ഹറുദ്ദീന്‍റെ കീഴിലാണ് അരങ്ങേറ്റം കുറിച്ചത്. കൊഹ്‌ലി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ നായകന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുളള ഇന്ത്യയിലെ ഒരേയൊരു താരം കൂടിയാണ് നെഹ്റ.

പതിനെട്ട് വര്‍ഷത്തിനിടെ 17 ടെസ്റ്റും 120 ഏകദിനവും, 26 ട്വന്റി-ട്വന്റിയും കളിച്ചിട്ടുള്ള നെഹ്റ 235 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 44 വിക്കറ്റുകള്‍ കൊയ്ത നെഹ്റ, ഏകദിനത്തില്‍ 157ഉം, ട്വന്റി-ട്വന്റിയില്‍ 34ഉം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 

20ാം വയസ്സിലാണ് നെഹ്‌റ തന്‍റെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിച്ചത്. 1999ല്‍ മുഹമ്മദ് അസറുദ്ദീന്‍ കീഴില്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച നെഹ്റ 2001ല്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ ഏകദിനത്തില്‍ അരങ്ങേറി. 2009ല്‍ എം.എസ്.ധോണിക്ക് കീഴില്‍ ട്വന്റി-20 ക്രിക്കറ്റിലേക്കും ചുവടുവച്ചു. ഇവരെ കൂടാതെ വിരാട് കൊഹ്‌ലി, രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, അനില്‍ കുംബ്ലെ എന്നിവര്‍ക്ക് കീഴിലാണ് നെഹ്‌റ കളിച്ചിട്ടുള്ളത്.

പരിക്ക് മൂലം ഓരോ തവണ പുറത്തേക്ക് പോകുമ്പോഴും ടീമില്‍ അവസരം ലഭിക്കുമ്പോള്‍ അദ്ദേഹം കൂടുതല്‍ കരുത്താര്‍ജിച്ച് തിരിച്ചെത്തി. ബൗളര്‍മാരുടെ ശവപ്പറമ്പായ ട്വന്റി-20 ക്രിക്കറ്റ് മൈതാനങ്ങളിലും നെഹ്‌റ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

2003 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നെഹ്‌റ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പിലും ധോണിക്ക് കീഴില്‍ നെഹ്‌റ കളിച്ചിട്ടുണ്ട്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close