ഐപിഎല്‍ പ്ലേ-ഓഫിന് മുന്നോടിയായി വനിതാ ടി- ട്വന്‍റി പ്രദര്‍ശന മത്സരം

രണ്ട് ടീമുകളിലായി 30 താരങ്ങള്‍ക്ക് അവസരം ലഭിക്കും. ഇതില്‍ 20 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരും 10 പേര്‍ വിദേശ താരങ്ങളുമായിരിക്കും

Updated: May 13, 2018, 04:31 PM IST
ഐപിഎല്‍ പ്ലേ-ഓഫിന് മുന്നോടിയായി വനിതാ ടി- ട്വന്‍റി പ്രദര്‍ശന മത്സരം

മുംബൈ: ഐപിഎല്‍ പ്ലേ-ഓഫിന് മുന്നോടിയായി വനിതാ ടി- ട്വന്‍റി പ്രദര്‍ശന മത്സരം നടത്താന്‍ ബിസിസിഐ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലായിരിക്കും മത്സരം. 

വനിതകളുടെ ടി-ട്വിന്‍റി പ്രദര്‍ശന മത്സര വിവരം സുപ്രീംകോടതി നിയമിച്ച മേല്‍നോട്ട സമിതി അംഗം ഡയാന എഡല്‍ജി സ്ഥിരീകരിച്ചു. ഐപിഎല്‍ മാതൃകയിലുള്ള മത്സരങ്ങളുടെ അനുഭവം വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും നല്‍കുകയാണ് പ്രദര്‍ശന മത്സരം ലക്ഷ്യം വയ്ക്കുന്നതെന്ന് ഡയാന എഡല്‍ജി അഭിപ്രായപ്പെട്ടു. 

രണ്ട് ടീമുകളിലായി 30 താരങ്ങള്‍ക്ക് അവസരം ലഭിക്കും. ഇതില്‍ 20 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരും 10 പേര്‍ വിദേശ താരങ്ങളുമായിരിക്കും. ഭാവിയില്‍ വനിതാ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുകയാണെങ്കില്‍ ഇപ്പോഴത്തെ മത്സരം താരങ്ങള്‍ക്ക് സഹായകരമാകുമെന്നും ഡയാന എഡല്‍ജി പറഞ്ഞു. 

പ്ലേ ഓപ് മത്സരങ്ങള്‍ മെയ് 22 ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. അന്നേ ദിവസം രണ്ടര മുതലായിരിക്കും വനിതകളുടെ പ്രദര്‍ശന മത്സരം. വനിത താരങ്ങളുടെ പ്രദര്‍ശന മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം ടെലിവിഷനിലൂടെ ഉണ്ടാകുമെന്നും ഡയാന എഡല്‍ജി കൂട്ടിച്ചേര്‍ത്തു.