രണ്ടാം ടെസ്റ്റിൽനിന്ന് ധവാനെ ഒഴിവാക്കുമെന്ന് സൂചന

  

Updated: Jan 11, 2018, 03:54 PM IST
രണ്ടാം ടെസ്റ്റിൽനിന്ന് ധവാനെ ഒഴിവാക്കുമെന്ന് സൂചന

മോശം ഫോം തുടരുന്ന ഓപ്പണര്‍ ശിഖര്‍ ധവാനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽനിന്ന് ഒഴിവാക്കുമെന്ന് സൂചന. ധവാനെ ടീമിലെടുത്തതിന് ഇന്ത്യൻ നായകൻ വിരാട് കോലിയ്ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

രാഹുൽ, രഹാനെ എന്നിവരെ തഴഞ്ഞാണ് ധവാൻ, രോഹിത് ശര്‍മ്മ എന്നിവരെ ആദ്യ ടെസ്റ്റിൽ കളിപ്പിച്ചത്. എന്നാൽ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഇഷ്‌ടക്കാരെന്ന നിലയിലാണ് ധവാനും രോഹിതും ടീമിലെത്തിയതെന്നും വിമര്‍ശനമുണ്ടായിരുന്നു. സൗരവ് ഗാംഗുലി ഉള്‍പ്പടെയുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. 

രഹാനയെ തുടര്‍ച്ചയായി തഴയുന്നതും വിമര്‍ശനവിധേയമായിരുന്നു. ആദ്യ ടെസ്റ്റിലെ തോൽവിയെ തുടര്‍ന്ന് രണ്ടാം ടെസ്റ്റിനുള്ള ടീമിൽ വൻ അഴിച്ചുപണി നടത്താൻ ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. രാഹുൽ, രഹാനെ എന്നിവര്‍ക്കൊപ്പം ഇഷാന്ത് ശര്‍മ്മയും ടീമിലെത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ ഈ താരങ്ങള്‍ കൂടുതൽ സമയം നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു. 

സഞ്ജയ് ബംഗാര്‍, ബൗളിങ് കോച്ച് ഭരത് അരുണ്‍, ത്രോ സ്പെഷ്യലിസ്റ്റ് രഘു എന്നിവരുടെ നേതൃത്വത്തിലാണ് രഹാനെയും രാഹുലും ഇഷാന്തും പരിശീലനം നടത്തിയത്. ജനുവരി 13നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടെസ്റ്റ് മൽസരം തുടങ്ങുന്നത്. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 72 റണ്‍സിന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.