ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു വിജയം

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നാല് റണ്‍സിനാണ് ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തിയത്.

Updated: Mar 3, 2018, 06:00 PM IST
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു വിജയം

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നാല് റണ്‍സിനാണ് ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തിയത്.

അവസാന ഓവറില്‍ 15 റണ്‍സാണ് ലക്ഷ്യം കാണാന്‍ ന്യൂസീലന്‍ഡിന് വേണ്ടിയിരുന്നത്. എന്നാല്‍, ക്രിസ് വോക്ക്‌സിന്റെ കൃത്യതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ പത്ത് റണ്‍സ് മാത്രമാണ് കിവീസ് നേടിയത്. വോക്ക്‌സും റാഷിദും രണ്ടു വിക്കറ്റെടുത്തപ്പോള്‍ മോയിന്‍ അലി മൂന്നു വിക്കറ്റ് വീഴ്ത്തി. 

143 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സുമടക്കം  112 റണ്‍സാണ് വില്ല്യംസണ്‍ നേടിയത്. 49 റണ്‍സെടുത്ത മണ്‍റോയും 41 റണ്‍സടിച്ച സാന്റ്‌നറും ക്യാപ്റ്റന് പിന്തുണ നല്‍കിയെങ്കിലും ബാക്കിയെല്ലാ ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കാണാതെ പുറത്തായി. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് കിവീസ് നേടിയത്.

നേരത്തെ 48 റണ്‍സടിച്ച ഇയാന്‍ മോര്‍ഗന്റേയും 39 റണ്‍സ് നേടിയ സ്റ്റോക്ക്‌സിന്റെയും മികവിലാണ് ഇംഗ്ലണ്ട് 234 റണ്‍സ് നേടിയത്. ഈ ജയത്തോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.