അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്: നിരാശയോടെ ഇന്ത്യ

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായിപ്പോയി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ യുഎസ് മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.  ആദ്യ പകുതിയില്‍ ഇന്ത്യ 1-0 ന് പിന്നിലായിരുന്നു.

Updated: Oct 7, 2017, 09:48 AM IST
അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്: നിരാശയോടെ ഇന്ത്യ

ന്യൂഡല്‍ഹി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായിപ്പോയി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ യുഎസ് മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.  ആദ്യ പകുതിയില്‍ ഇന്ത്യ 1-0 ന് പിന്നിലായിരുന്നു.

മുപ്പതാം മിനറ്റിൽ ഒരു പെനാൽറ്റിയിലൂടെ സാർജന്റാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപിച്ചത്.  ജിതേന്ദ്ര സിങ് ബോക്‌സിനുള്ളില്‍ വരുത്തിയ പിഴവാണ് യുഎസിന് അനുകൂലമായ പെനല്‍റ്റിക്കു വഴിയൊരുക്കിയത്. ക്രിസ് ഡര്‍ക്കിന്‍, ആന്‍ഡ്രൂ കള്‍ട്ടന്‍ എന്നിവരായിരുന്നു യുഎസിന് വേണ്ടി ഗോളുകളടിച്ച മറ്റ് രണ്ടുപേര്‍. ഡല്‍ഹി ജവര്‍ഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം കാണാന്‍ നിരവധിപേര്‍ എത്തിയിരുന്നു.

അന്‍പത്തിയോന്നമാത്തെ മിനുട്ടില്‍ ക്രിസ് ഡര്‍ക്കിന്‍ യുഎസ്എക്കായി രണ്ടാം ഗോള്‍ നേടി. ഇന്ത്യന്‍ ഗോളി ധീരജ് സിംഗിന്‍റെ പ്രകടനമാണ് കൂടുതല്‍ ഗോള്‍ വീഴാതെ ഇന്ത്യയെ രക്ഷിച്ചത്. ഇന്ത്യന്‍ കുന്തമുന കോമള്‍ തട്ടാല്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും യുഎസ് ഗോള്‍ മുഖം തുറക്കാന്‍ മാത്രം കഴിഞ്ഞില്ല. കോമളില്‍ നിന്ന് പന്ത് സ്വീകരിക്കാന്‍ മുന്നേറ്റനിരയില്‍ താരങ്ങളാരുമില്ലാത്തതും ഇന്ത്യയെ പിന്നോട്ടടിച്ചു.  എഴുപതാം മിനിറ്റില്‍ അഭിജിത് സര്‍ക്കാരിനെയും നോങ്‌തോംബ നവോറത്തെയും പിന്‍വലിച്ച് നിന്‍തോയിംഗാന്‍ബ മീട്ടെയേയും റഹീം അലിയെയും ഇന്ത്യ കളത്തിലിറക്കി. എന്നിട്ടും ഗോള്‍ മാത്രം അകന്നുനിന്നു. അവസാന മിനിറ്റുകളില്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിന്നുണ്ടായി. എന്നാല്‍ എണ്‍പത്തിനാലാമത്തെ മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍നിന്ന് ലഭിച്ച അവസരം മുതലെടുത്ത് യുഎസ് വീണ്ടും ഗോള്‍ നേടി. ആന്‍ഡ്രൂ കള്‍ട്ടന്‍റെ വകയായിരുന്നു മൂന്നാം ഗോള്‍.