ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ഫൈനലില്‍

ബെല്‍ജിയത്തിന്‍റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ 12 മിനിറ്റുകളില്‍ ഫ്രഞ്ച് താരങ്ങള്‍ പന്തു കിട്ടാതെ വലഞ്ഞു.   

Last Updated : Jul 11, 2018, 10:35 AM IST
ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ഫൈനലില്‍

മോസ്‌കോ: 12 വര്‍ഷത്തിന് ശേഷം ഒരിക്കല്‍കൂടി ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍. ബെല്‍ജിയത്തെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ഫൈനലില്‍ പ്രവേശിച്ചത്. സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്‍റെ ഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന ക്രൊയേഷ്യ-ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ ഫ്രാന്‍സ് ഫൈനലില്‍ നേരിടും.

ബെല്‍ജിയത്തിന്‍റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ 12 മിനിറ്റുകളില്‍ ഫ്രഞ്ച് താരങ്ങള്‍ പന്തു കിട്ടാതെ വലഞ്ഞു. ബെല്‍ജിയത്തിന്‍റെ വേഗതയേറിയ ഗെയിമിന് മുന്നില്‍ ഫ്രാന്‍സിന് ഉത്തരമുണ്ടായിരുന്നില്ല. വിന്‍സെന്റ് കൊമ്പനിയും വെര്‍ട്ടോഘനും വേഗക്കാരന്‍ എംബാപ്പയ്ക്ക് അവസരമൊന്നും കൊടുക്കാതിരുന്നതോടെ ഫ്രാന്‍സ് താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. 

ബെല്‍ജിയം വിങ്ങിലൂടെ മുന്നേറ്റം നടത്തിക്കൊണ്ടേയിരുന്നു. എന്നാല്‍ 13 മത്തെ മിനിറ്റില്‍ ഫ്രാന്‍സിന് ആദ്യ അവസരം ലഭിച്ചു. പോഗ്ബ ചിപ്പ് ചെയ്തുക്കൊടുത്ത പന്തിലേക്ക് എംബാപ്പെ ഓടിയടുത്തെങ്കിലും കാലില്‍ തൊടും മുന്‍പ് ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ കോത്വാ പന്ത് പിടിച്ചെടുത്തു. 

ഇതിനിടെ ഈഡന്‍ ഹസാര്‍ഡിന്‍റെ ഷോട്ട് പോസ്റ്റിന് മുന്നിലൂടെ ബുള്ളറ്റ് വേഗത്തില്‍ പാഞ്ഞു. 19 മത്തെ മിനിറ്റില്‍ ഹസാര്‍ഡിന്‍റെ തകര്‍പ്പന്‍ ഷോട്ട് വരാനെയുടെ തലയില്‍ തട്ടി ബാറിന് മുകളിലൂടെ പുറത്തേക്ക്. ഇതിനിടെ പവാര്‍ഡിന്‍റെ ഗോളെന്നുറച്ച ഷോട്ട് കോത്വായുടെ കാലില്‍ തട്ടി പുറത്തേക്ക്. എന്തായാലും പ്രീക്വാര്‍ട്ടറില്‍ രണ്ടു ഗോളിനു പിന്നില്‍നിന്നശേഷം ജപ്പാനെ മൂന്നു ഗോളടിച്ചു വീഴ്ത്തിയ ആവേശത്തോടെ പൊരുതിയ ബല്‍ജിയത്തെ, ഫ്രാന്‍സ് താരങ്ങള്‍ ഒന്നാകെ പ്രതിരോധിച്ചു എന്ന് പറഞ്ഞാല്‍ മതി.

Trending News