ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ലങ്ക പൊരുതുന്നു

  

Updated: Dec 4, 2017, 01:11 PM IST
 ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ലങ്ക പൊരുതുന്നു
Courtesy: @ICC

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ പാളയത്തിലേക്ക് പടനയിച്ച് ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലും മുന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസും. അര്‍ധസെഞ്ചുറി പിന്നിട്ട ഇരുവരുടെയും മികവില്‍ ശ്രീലങ്കന്‍ സ്‌കോര്‍ 190 പിന്നിട്ടു. സെഞ്ചുറിയിലേക്കു കുതിക്കുന്ന മാത്യൂസ് 89 റണ്‍സോടെയും പരമ്പരയിലെ മൂന്നാം അര്‍ധസെഞ്ചുറി കണ്ടെത്തിയ ചണ്ഡിമല്‍ 52 റണ്‍സോടെയും ക്രീസിലുണ്ട്. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും 116 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 345 റണ്‍സ് പിന്നിലാണ് ലങ്ക.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ലങ്കയ്ക്കായി ചണ്ഡിമലും മാത്യൂസും ശ്രദ്ധാപൂര്‍വമാണ് ബാറ്റ് ചെയ്യുന്നത്. ഇന്ത്യന്‍ താരങ്ങള്‍ അനായാസം റണ്‍സ് കണ്ടെത്തിയ പിച്ചില്‍ ഇരുവരും അതേ പാത പിന്തുടര്‍ന്നതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റ് കണ്ടെത്താനാകാതെ വിഷമിച്ചു. ഇതുവരെ 190 പന്തുകള്‍ നേരിട്ട മാത്യൂസ് 11 ബൗണ്ടറികളും രണ്ടു സിക്‌സും ഉള്‍പ്പെടെയാണ് 89 റണ്‍സെടുത്തത്. 160 പന്തുകള്‍ നേരിട്ട ചണ്ഡിമല്‍ 52 റണ്‍സുമെടുത്തു. രണ്ടാം ദിനമായ ഇന്നലെ ദിമുത് കരുണരത്‌നെ, ധനഞ്ജയ സില്‍വ, ദില്‍റുവന്‍ പെരേര എന്നിവരുടെ വിക്കറ്റുകളാണു ശ്രീലങ്കയ്ക്കു നഷ്ടമായത്. സ്‌കോര്‍ പൂജ്യത്തില്‍ നില്‍ക്കെ ഓപ്പണര്‍ ദിമുത് കരുണരത്‌നെ മുഹമ്മദ് ഷാമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സാഹയ്ക്കു ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ധനഞ്ജയ സില്‍വയും ഫരുത്തായി. ഒരു റണ്‍സ് മാത്രമെടുത്ത സില്‍വയെ ഇഷാന്ത് ശര്‍മയാണു പുറത്താക്കിയത്. സ്‌കോര്‍ 75ല്‍ നില്‍ക്കെ 42 റണ്‍സെടുത്ത പെരേര രവീന്ദ്ര ജഡേജയ്ക്കു വിക്കറ്റ് നല്‍കി മടങ്ങി.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close