കൊളംബിയയ്ക്കെതിരായ മത്സരം നിര്‍ണായകം; ജയിക്കാനായി കളിക്കും: കോച്ച് നോർട്ടൻ ഡി മറ്റോസ്

അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ അമേരിക്കയോട് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ മുന്നേറ്റ നിര കാഴ്ച വെച്ചത്. എടുത്തു പറയേണ്ടത് മുന്നേറ്റ നിരയിലെ കുന്തമുന കോമള്‍ തട്ടാലിന്‍റെ പ്രകടനമാണ്. അമേരിക്കന്‍ പ്രതിരോധ നിരയെ പലവട്ടം മുള്‍മുനയില്‍ നിര്‍ത്താന്‍ കോമളിന് കഴിഞ്ഞു. 

Updated: Oct 9, 2017, 04:26 PM IST
കൊളംബിയയ്ക്കെതിരായ മത്സരം നിര്‍ണായകം; ജയിക്കാനായി കളിക്കും: കോച്ച് നോർട്ടൻ ഡി മറ്റോസ്

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ അമേരിക്കയോട് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ മുന്നേറ്റ നിര കാഴ്ച വെച്ചത്. എടുത്തു പറയേണ്ടത് മുന്നേറ്റ നിരയിലെ കുന്തമുന കോമള്‍ തട്ടാലിന്‍റെ പ്രകടനമാണ്. അമേരിക്കന്‍ പ്രതിരോധ നിരയെ പലവട്ടം മുള്‍മുനയില്‍ നിര്‍ത്താന്‍ കോമളിന് കഴിഞ്ഞു. 

ശാരീരികമായും സാങ്കേതികപരമായും മികച്ച ടീമായ കൊളംബിയയെ വരുതിയിലോതുക്കണമെങ്കില്‍ ആദ്യ മത്സരത്തിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കണം നീലപ്പടകള്‍ക്ക്. ആദ്യം മത്സരം തോറ്റ ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. രാത്രി എട്ടുമണിയോടെ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് മത്സരം. തത്സമയം സോണി ടെന്‍ 2ല്‍ കാണാം.

അമേരിക്കക്കെതിരെ നിരവധി അവസരം ലഭിച്ചിട്ടും മുതലെടുക്കാന്‍ സാധിക്കാത്ത കുറവ് ഇന്നത്തെ മത്സരത്തില്‍ നികത്താനായാല്‍ റൗണ്ട് ഓഫ് 16ല്‍ യോഗ്യത നേടാനുള്ള സാധ്യതയും അതോടൊപ്പം ഇന്ത്യന്‍ ചരിത്രത്താളുകളില്‍ അതെന്നും ഒരു മികച്ച നേട്ടമായി കുറിക്കപ്പെടുകയും ചെയ്യും. ഇതേ പ്രതീക്ഷയാണ് കോച്ച് ലൂയിസ് നോർട്ടൻ ഡി മറ്റോസിന് നീലപ്പടയില്‍ നിന്നുള്ളത്. 

'കൊളംബിയ ശക്തരായ എതിരാളികളാണ്. നിർഭാഗ്യവശാൽ ആദ്യ മത്സരത്തില്‍ ഘാനയോട് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും ശാരീരികമായും സാങ്കേതികപരമായും മികച്ച ടീമാണ് കൊളംബിയ. നമ്മെ നിരശാപ്പെടുത്താനാവശ്യമായ ഘടകങ്ങൾ അവര്‍ക്കുണ്ട്. അതുകൊണ്ട് മത്സരത്തിലൂടനീളം വളരെയേറെ ശ്രദ്ധചെലുത്തി വേണം കളിക്കാന്‍. മികവില്‍ അവർ(കൊളംബിയ) മുന്നിലാണെങ്കിലും അവസാന നിമിഷം വരെ ആത്മവിശ്വാസത്തോടെ ടീം പൊരുതും' മറ്റോസ് വ്യക്തമാക്കി.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഘാനയോട് 1-0 ത്തിനാണ് കൊളംബിയ തോറ്റത്. മത്സരത്തില്‍ അവസരങ്ങള്‍ പലതും സൃഷ്ടിക്കാന്‍ കൊളംബിയയ്ക്കായെങ്കിലും ഘാനായുടെ ഗോളിയെ ഭേദിക്കാന്‍ അവര്‍ക്കായില്ല. മുന്നേറ്റ നിരയുടെ ഈ അഭാവത്തെ മറികടക്കുകയാണ് ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ ലക്ഷ്യം.