ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

  

Updated: Feb 8, 2018, 02:55 PM IST
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 124 റണ്‍സിന്‍റെ കൂറ്റന്‍ വിജയം. ഇന്ത്യയുയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 179ന് പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ ജെ.പി ഡുമിനി(51) ആണ് ആതിഥേയരുടെ ടോപ് സ്കോറര്‍. 

നായകന്‍ എയ്ഡന്‍ മര്‍ക്രാം 32 റണ്‍സെടുത്തും ഡേവിഡ് മില്ലര്‍ 25 റണ്‍സെടുത്തും പുറത്തായി. മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് ആര്‍ക്കും തന്നെ താളം കണ്ടെത്താനായില്ല. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും നാല് വീതം വിക്കറ്റ് വീഴ്ത്തി. നേരത്തെ 34 മത്തെ ഏകദിന സെഞ്ച്വറി കണ്ടെത്തിയ നായകന്‍ വിരാട് കോലിയുടെ 160 റണ്‍സിന്‍റെ മികവിലാണ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 303 റണ്‍സ് പടുത്തുയര്‍ത്തിയത്. 

64 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തിയ കോലി 119 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. മൂന്നാം തവണയാണ് കോലി ഏകദിനത്തില്‍ 150ലേറെ സ്കോര്‍ ചെയ്യുന്നത്. ഇന്ത്യക്കായി ശീഖര്‍ ധവാന്‍(76) അര്‍ദ്ധ സെഞ്ചുറി നേടി. മധ്യനിരയുടെ തകര്‍ച്ചയാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തുന്നതില്‍ നിന്ന് തടഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡുമിനി രണ്ടും റബാഡ, താഹിര്‍, മോറിസ്, ഫെലൂക്വായോ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

സെഞ്ചുറിയോടെ കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ നായകനെന്ന റെക്കോര്‍ഡ് കോലി സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വിക്കറ്റ്കീപ്പർ ഹെന്‍റിച്ച് ക്ലാസന്‍, പേസർ ലുങ്കി എന്‍ഗിഡി എന്നിവർ മത്സരത്തില്‍ അരങ്ങേറി. ജയത്തോടെ ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലെത്തി. സെഞ്ചുറി നേടിയ കോലിയാണ് കളിയിലെ താരം. അടുത്ത മത്സരം ഫെബ്രുവരി 10ന് ജൊഹന്നസ്ബ‌ര്‍ഗില്‍ നടക്കും.